തൈക്കാട് ശാന്തി കവാടത്തിൽ രണ്ടു മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം • കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തൈക്കാട് ശാന്തി കവാടത്തിൽ രണ്ടു മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കാൻ ശ്രമിച്ചെന്ന് ആരോപണം. മൃതദേഹവുമായി എത്തിയവർ ബഹളം വച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. പൊലീസ് എത്തി ബഹളമുണ്ടാക്കിയവരെ അനുനയിപ്പിച്ചു.സംഭവത്തിൽ കോർപറേഷനും പൊലീസിനും പരാതി നൽകി. വെള്ളൈക്കടവ് സ്വദേശി കൃഷ്ണൻ നായരുടെ മൃതദേഹം സംസ്കരിക്കാൻ ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ശാന്തി കവാടം അധികൃതർ സമയം അനുവദിച്ചത്. മരണാനന്തര ചടങ്ങുകൾക്കു ശേഷം മൃതദേഹം വൈദ്യുത ശ്മശാനത്തിലേക്കു കയറ്റിയപ്പോഴാണ് മറ്റൊരു മൃതദേഹം അകത്തുണ്ടെന്ന് ശ്രദ്ധയിൽപെട്ടതെന്ന് കൃഷ്ണൻ നായരുടെ ബന്ധുക്കൾ പറഞ്ഞു.ഇലക്ട്രിക് ശ്മശാനത്തിൽ ഒരു മൃതദേഹം ദഹിപ്പിക്കുന്നതിനു രണ്ടു മണിക്കൂർ സമയമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഉച്ചയ്ക്ക് 1.10 ന് ദഹിപ്പിക്കാനായി കയറ്റിയ മൃതദേഹം അകത്തുണ്ടായിരിക്കേയാണ് 2.15 ന് അടുത്ത മൃതദേഹം കയറ്റിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. തമ്പാനൂർ പൊലീസെത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രിച്ചത്.ആരോപണം ശരിയല്ലെന്ന് ശാന്തി കവാടം അധികൃതർ അറിയിച്ചു. ഒരു മൃതദേഹം സംസ്കരിച്ച ശേഷം അസ്ഥിയും മറ്റും നീക്കം ചെയ്ത ശേഷമാണ് അടുത്ത മൃതദേഹം കയറ്റുന്നതെന്നും അധികൃതർ പറഞ്ഞു.