രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വര്‍ഷം. രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓര്‍മയില്‍ വിതുമ്പി രാജ്യം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതാംബയ്ക്ക് നഷ്ടമായത്.
2019 ഫെബ്രുവരി 14, ഉച്ചകഴിഞ്ഞ് 3.15 മണിയോടെ, അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ അടക്കം കേന്ദ്ര റിസര്‍വ്വ് പോലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44 ല്‍ അവന്തി പുരയ്ക്കടുത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോവാന്‍ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറി. ഉഗ്ര സ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകള്‍ക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ പറ്റി. പൂര്‍ണമായി തകര്‍ന്ന 76 ആം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. നിരവധി ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നില്‍.
വീരമൃത്യു വരിച്ചവരില്‍ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ജയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ അനന്തരവന്‍ റഷീദ് മസൂദ് 2017 നവംബറില്‍ പുല്‍വാമയില്‍ സിആര്‍പിഎഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. 2018 ഒക്ടോബര്‍ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവന്‍ ഉസ്മാന്‍ തല്‍ഹ റഷീദിനെയും സിആര്‍പിഎഫ് വധിച്ചു. ഇതിന് പകരം വീട്ടുമെന്ന് അസ്ഹര്‍ പ്രഖ്യാപിച്ചിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികള്‍ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 12-ാം ദിനം. ഇതിനു തിരിച്ചടിയായി ഇന്ത്യ പാകിസ്താനെതിരെ ഫെബ്രുവരി 26-ന് ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. നേതാക്കളടക്കം നിരവധി ഭീകരര്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. നിരവധി ഭീകര ക്യാമ്പുകളും ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ തകര്‍ന്നടിഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍ വിമര്‍ശനം നേരിട്ട സംഭവമായിരുന്നു പുല്‍വാമ ഭീകരാക്രമണം. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമന്ന വര്‍ഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം പുല്‍വാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ സാധ്യമായി. 2019 മേയ് 1-ന് ഐക്യരാഷ്ട്ര സംഘടന (യുഎന്‍) മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ചതോടെ, ഭീകരതയ്‌ക്കെതിരെ പ്രത്യക്ഷ നടപടിക്ക് പാക്കിസ്ഥാനും നിര്‍ബന്ധിതമായി. 10 വര്‍ഷമായി പാക്ക് ഭീകരതയ്‌ക്കെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര യുദ്ധത്തിന്റെ കൂടി വിജയമായിരുന്നു യുഎന്‍ രക്ഷാസമിതി തീരുമാനം.
പുല്‍വാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാന്‍സും യുഎസും ചേര്‍ന്നാണു മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ ഉപസമിതിയില്‍ പ്രമേയം കൊണ്ടുവന്നത്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന മാര്‍ച്ച് 13ന് ഇതു വീറ്റോ ചെയ്തതോടെ, ഈ രാജ്യങ്ങള്‍ രക്ഷാസമിതിയില്‍ നേരിട്ടു പുതിയ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വീറ്റോ ചെയ്യാനുള്ള കാരണം വ്യക്തമാക്കണമെന്നിരിക്കെ, ചൈന രാജ്യാന്തര സമ്മര്‍ദത്തിനു വഴങ്ങുകയായിരുന്നു.
M