മുങ്ങിത്താഴുന്ന എട്ട് വയസുകാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയും മുത്തശ്ശിയും പാറക്കുളത്തില്‍ വീണു; മൂന്നുപേര്‍ക്കും ദാരുണാന്ത്യം

ഇടുക്കി പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ പാറക്കുളത്തില്‍ മുത്തശ്ശിയും പേരക്കുട്ടികളും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ സ്വദേശി ഇണ്ടിക്കുഴിയില്‍ ബിനോയി – ജാസ്മി ദമ്പതികളുടെ മക്കള്‍ ആന്‍മരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ (55)യുമാണ് മുങ്ങി മരിച്ചത്. വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് അപകടം. ഇന്ന് വൈകീട്ട് 4.30ഓടെയാണ് സംഭവം നടന്നത്. എല്‍സമ്മയുടെ വീടിന് സമീപത്തുള്ള പാറക്കുളത്തിലാണ് അപകടമുണ്ടായത്. വീട്ടുകാര്‍ സ്ഥിരമായി കുളിയ്ക്കാനും തുണികള്‍ അലക്കുന്നതിനും ഈ പാറക്കുളത്തില്‍ ഇറങ്ങാറുള്ളതാണ്. പാറക്കുളത്തിലേക്ക് എട്ട് വയസുകാരി ആന്‍ മരിയ വീണുപോയപ്പോള്‍ രക്ഷിക്കാനായാണ് എല്‍സമ്മ കുളത്തിലേക്കിറങ്ങുന്നത്. പിന്നാലെ അമേയയും കുളത്തിലേക്ക് വീണു. മൂവരും നിലയില്ലാതെ പാറക്കുളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.ഇവര്‍ മുങ്ങുന്നത് കണ്ട അയല്‍വാസി നാട്ടുകാരെ വിളിച്ചുകൂട്ടിയെങ്കിലും മൂന്നുപേരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്നുപേരേയും ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.