പോത്തൻകോട് സ്കൂളിൽ കളിക്കുന്നതിനിടയിൽ കൂട്ടിയിടിച്ചു മൂന്നാം ക്ലാസുകാരിയുടെ മൂക്കിന് പരിക്കേറ്റു, അധ്യാപകർ അവഗണിച്ചതായി പരാതി

തിരുവനന്തപുരം: കളിക്കുന്നതിനിടയിൽ മൂക്കിന് ഗുരുതര പരിക്കേറ്റ മൂന്നാം ക്ലാസുകാരിയുടെ പരിക്ക് അധ്യാപകർ അവഗണിച്ചതായി ആക്ഷേപം. പോത്തൻകോട് മേലേമുക്ക് കാരൂർകോണം വൃന്ദ ഭവനിൽ സജു വിജിമോൾ ദമ്പതികളുടെ മകൾ ദേവവൃന്ദക്കാണ് പരിക്കേറ്റത്. പോത്തൻകോട് ഗവ. യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് കുട്ടി. വെള്ളിയാഴ്ച ഉച്ചയോടെ സ്കൂളിൽ ആണ് സംഭവം. കുട്ടികൾ ഓടിക്കളിക്കുന്നതിനിടയിൽ മറ്റൊരു കുട്ടിയുടെ തല ദേവവൃന്ദയുടെ മൂക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അബോധാവസ്ഥയിലായ കുട്ടി താഴെ വീണതായി പറയുന്നു. വിവരമറിഞ്ഞ് അധ്യാപകരെത്തി കുട്ടിയെ ക്ലാസ് മുറിയിലേക്ക് മാറ്റി. മൂക്കിൽനിന്നും രക്തം ഒഴുകുന്നതിനാൽ പഞ്ഞി കൊണ്ട് മുഖം തുടച്ചു. കുട്ടി ഉണർന്നപ്പോൾ രക്ഷാകർത്താക്കളെ കാണണമെന്ന് പറഞ്ഞെങ്കിലും അധ്യാപകർ ചെവിക്കൊണ്ടില്ല എന്നും വീട്ടുകാരെ വിവരം അറിയിച്ചതുമില്ല എന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. നാലു മണിക്കൂറിനു ശേഷം അധ്യാപകർ കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ടതായി രക്ഷിതാക്കൾ പറയുന്നു. വീട്ടിലെത്തിയ കുട്ടിയുടെ മൂക്കിൽനിന്നും രക്തം വരുന്നത് കണ്ട് ഭയന്ന മാതാപിതാക്കൾ തിരക്കിയപ്പോൾ ആണ് കുട്ടി വിവരം പറയുന്നത്.ഉടനെ കുട്ടിയെ വട്ടപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടെ നിന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കുട്ടിയെ ഉടൻ വിദഗ്ദ ചികിത്സയ്ക്കായി എസ് എ ടിയിലേക്ക് മാറ്റി. ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. കുട്ടിയുടെ മൂക്കിലും മുഖത്തും നീരുള്ളതിനാൽ വെള്ളിയാഴ്ച വീണ്ടും വരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.  അധ്യാപകരുടെ പക്കൽനിന്നുണ്ടായ ഗുരുതര അനാസ്ഥയിൽ നടപടി ആവശ്യപ്പെട്ട് കണിയാപുരം എ ഇ ഒക്ക് പരാതി നൽകിയതായ  രക്ഷിതാക്കൾ പറഞ്ഞു.