നെടുമങ്ങാട് കെഎസ്ആർടിസിയിൽ ഡീസൽ എത്തിക്കുന്നതിൽ വൻക്രമക്കേട്.

നെടുമങ്ങാട് കെഎസ്ആർടിസിയിൽ ഡീസൽ എത്തിക്കുന്നതിൽ വൻക്രമക്കേട്. നെടുമങ്ങാട് കെഎസ്ആർടിസിയിലേക്ക് എത്തിച്ച ഡീസലിലാണ് ക്രമക്കേട് കണ്ടെത്തിയത്. 15000 ലിറ്റർ ഡീസൽ കൊണ്ട് വന്നതായി ബില്ലിൽ കാണിച്ചിരുന്നു. എന്നാൽ അളവിൽ 14000 ലിറ്റർ ഡീസൽ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. 1000 ലിറ്ററിന്റെ കുറവാണ് ഉണ്ടായിരുന്നത്.

കെഎസ്ആർടിസി ബസുകൾക്ക് മൈലേജ് കിട്ടുന്നില്ല എന്ന് പരാതിയുർന്നിരുന്നു. മെക്കാനിക്കിന്റെയും ഡ്രൈവർമാരുടെയും പിടിപ്പുകേടാണ് ഇതിനുകാരണമെന്ന് പറഞ്ഞ് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. എന്നാൽ ജീവനക്കാർ നിരന്തരം പരാതിയുമായി എത്തിയിരുന്നുവെങ്കിലും ടാങ്കറിൽ കൊണ്ട് വരുന്ന ഡീസലിന്റെ അളവ് നോക്കാൻ ശ്രമിക്കാറില്ല.

ഇന്നലെ രാത്രി നെടുമങ്ങാട് എം എസ് പി ഫ്യൂവൽസ് കരാറെടുത്ത ഇന്ത്യൻ ഓയിൽ ഡീസൽ ആണ് ടാങ്കറിൽ എത്തിയത്. ഇന്ന് രാവിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡീസൽ അളന്ന് തിട്ടപ്പെടുത്തിയപ്പോൾ ആണ് 1000 ലിറ്റർ പെട്രോൾ കുറവ് കണ്ടത്. ഏകദേശം 96000 രൂപയാണ് കെഎസ്ആർടിസിക്ക് നഷ്ടമാകുമായിരുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇങ്ങനെ സംഭവിക്കുന്നുവെന്നും മൈലേജില്ല എന്ന കാരണം പറഞ്ഞ് ഡ്രൈവറുടെയും മെക്കാനിക്കിന്റെയും മേൽ പഴിചാരാറാണ് പതിവെന്ന് ജീവനക്കാർ പറയുന്നു. മാസങ്ങളായി വൻ അഴിമതിയാണ് നടന്നതെന്നും കെഎസ്ആർടിസി ജീവനക്കാരും ആരോപിക്കുന്നു. സംഭവം വിവാദമായതോടെ അടുത്ത ടാങ്കറിൽ 1000 ലിറ്റർ ഡീസൽ എത്തിക്കുകയായിരുന്നു.