എല്ലാം ശുഭം, അഹമ്മദാബാദില്‍ ഗില്ലിന്റെ ക്ലാസും മാസും, സെഞ്ചുറി! കിവീസിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരെ നിര്‍ണായകമായ അവസാന ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്ലിന്റെ (63 പന്തില്‍ പുറത്താവാതെ 126) സെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44) മികച്ച പ്രകടനം പുറത്തെടുത്തു. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. യൂസ്‌വേന്ദ്ര ചാഹലിന് പകരം ഉമ്രാന്‍ മാലിക്ക് ടീമിലെത്തി. ന്യൂസിലന്‍ഡും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. ജേക്കബ് ഡഫിക്ക് പകരം ബെന്‍ ലിസ്റ്റര്‍ പ്ലയിംഗ് ഇലവനിലെത്തി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് ഇഷാന്റെ വിക്കറ്റ് നഷ്ടമായി. ബ്രേസ്‌വെല്ലിന്റെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. റിവ്യൂ ചെയ്‌തെങ്കിലും അതിജീവിക്കാനായില്ല. പിന്നാലെ ഗില്‍- ത്രിപാഠി സഖ്യം അടി തുടങ്ങി. ഇരുവരും 80 റണ്‍സ് കൂട്ടിചേര്‍ത്തു. ത്രിപാഠിയായിരുന്നു കൂടുതല്‍ അപകടകാരി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ത്രിപാഠിയുടെ ഇന്നിംഗ്‌സ്. ഇഷ് സോധിയുടെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തില്‍ ത്രിപാഠി മടങ്ങി. നാലാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് (13 പന്തില്‍ 24) അധികനേരം ക്രീസില്‍ തുടരാനായില്ല. രണ്ട് സിക്‌സും ഒരു ഫോറും നേടിയ താരം ബ്ലെയര്‍ ടിക്‌നറുടെ പന്തില്‍ ബ്രേസ്‌വെല്ലിന് ക്യാച്ച് നല്‍കി. നാലാമനായി ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടെ ഇന്ത്യയുടെ റണ്‍നിരക്ക് കുതിച്ചു. ഇതിനിടെ ഗില്‍ തന്റെ ആദ്യ ടി20 സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഴ് സിക്സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്സ്. ഹാര്‍ദിക്കിന്റെ പിന്തുണയും ഗില്ലിനുണ്ടായിരുന്നു. ഇരുവരും 103 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 17 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹാര്‍ദിക്കിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക്കിന് ശേഷമെത്തിയ ദീപക് ഹൂഡ (2) പുറത്താവാതെ നിന്നു. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. റാഞ്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡ് 21 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. ലഖ്നൗവില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.