മുകൾപ്പരപ്പ് ശാന്തമാണെങ്കിലും അടിയിൽ പതിയിരിക്കുന്നത് അപകടങ്ങൾ . അപകടത്തിൽ പെടുന്നവരിലേറെയും അന്യസ്ഥലങ്ങളിൽ നിന്നും എത്തുന്നവർ
മൂന്നുവർഷത്തിനിടെ മുങ്ങിമരിച്ചത് 15 പേർ.അപകടം ഒളിഞ്ഞിരിക്കുന്ന ഇടങ്ങൾ: വാമനപുരംആറ്റിലെ ചെല്ലഞ്ചി, ആനകുളം, മീൻമുട്ടി, പാലോട് ,വാമനപുരം ഉൾപ്പടെ . വേനൽ കടുത്തതോടെ ആറുകളിലെ ജലനിരപ്പുതാഴ്ന്ന് പാറകൾ തെളിഞ്ഞും മണൽക്കുഴികൾ രൂപപ്പെട്ടും അപകടക്കെണികളാകുന്നു. വാമനപുരം,
കല്ലാർ എന്നിവയിലും അവയുടെ കൈവഴികളിലുമാണ് അപകടകരമായവിധം വെള്ളം
കുറയുന്നത്. ഈ രണ്ട് ആറുകളിലും സമീപകാലത്ത്മുങ്ങിമരണങ്ങളുണ്ടായിരുന്നു. കല്ലാറിലും വാമനപുരം ആറിന്റെ കൈവഴികളിലുമായി 15-ലധികംപേരാണ് മുങ്ങിമരിച്ചത്. കടവുകളിൽ ആവശ്യമായ സുരക്ഷാസംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാത്തത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു.
വാമനപുരംആറ്റിലെ ചെല്ലഞ്ചി, ആനകുളം, മീൻമുട്ടി, പാലോട് കടവുകളിൽ നാട്ടുകാരും
അപരിചിതരും ഒരുപോലെ അപകടത്തിൽപ്പെടുന്നു. മണലൂറ്റിലൂടെയും പ്രളയത്തിലും
ആറ്റിൽ പലയിടത്തും വൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മിക്ക കുളിക്കടവുകൾക്കു
സമീപവും അപകടക്കയങ്ങളുണ്ട്.
കല്ലാറിൽ വട്ടക്കയം
ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് ഏറ്റവും കൂടുതൽ മുങ്ങിമരണങ്ങൾ നടക്കുന്നത്. കുടുംബസമേതം കുളിക്കാനിറങ്ങിയ മൂന്നുപേർ ഇവിടെ മുങ്ങിമരിച്ചതാണ് ഏറ്റവും
ഒടുവിലത്തെ സംഭവം. ആറിന്റെ മുകൾപ്പരപ്പ് ശാന്തമാണെങ്കിലും അടിയിൽ പതിയിരിക്കുന്നത് വലിയ അപകടമാണ്. എപ്പോഴും അപകടമരണം നടക്കുന്ന ഭാഗങ്ങളിൽ
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയൊന്നും സന്ദർശകർ കാര്യമാക്കാറില്ല.
കിണറുകളുംചെറിയ തോടുകളും വറ്റി ജലക്ഷാമം രൂക്ഷമാകുമ്പോൾ നൂറുകണക്കിനു കുടുംബങ്ങളാണ്
വാമനപുരം, കല്ലാർ എന്നിവയെ ആശ്രയിക്കുന്നത്. നന്ദിയോട് പഞ്ചായത്തിലെ മീൻമുട്ടിയിൽ നിർമിച്ച ഡാം എല്ലാ ദിവസവും ഷട്ടർ തുറന്ന് വെള്ളം ക്രമപ്പെടുത്തുന്നുണ്ട്. ഇതും പലപ്പോഴും അപകടങ്ങൾക്കു
കാരണമാകുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. ഡാമിനു താഴെ ഒട്ടേറെപ്പേർ മുങ്ങിമരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ നെടുമങ്ങാട് കോടതിയിലെ യുവ അഭിഭാഷകന് ഇവിടെ കയത്തിൽപ്പെട്ട് മരിച്ചു. അപകടസാധ്യതയുള്ള ആറുകളിൽ
പഞ്ചായത്തുകൾ വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ
ആവശ്യം. ചെമ്മുഞ്ചി മുതൽ അഞ്ചുതെങ്ങുവരെ വാമനപുരം ആറ് കടന്നുപോകുന്ന സ്ഥലങ്ങളിലെ മിക്ക കടവുകളും ശോച്യാവസ്ഥയിലാണ്. ഇതിനു മാറ്റംവരുത്താൻ
സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിക്കു സാധിക്കുമെന്നാണ് നാട്ടുകാരുടെ വിശ്വാസം.