തിരുവനന്തപുരം: ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ വെങ്ങാനൂർ , മുക്കോല സ്വദേശികളായ രണ്ട് പേർ മരിച്ചു. മുക്കോല കുഴിപ്പള്ളം ചിത്രാ ഭവനിൽ സോമരാജൻ (59 ) വെങ്ങാനൂർ പീച്ചോട്ടു കോണം രാജു നിവാസിൽ രാജു (52) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ശിവാലയ ഓട്ടം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറ്‍ ഇടിച്ചിട്ട് നിർത്താതെ രക്ഷപ്പെട്ട വാഹനം കണ്ടെത്താൻ സി.സി ടി.വി യുടെ സഹായത്തോടെ തക്കല പൊലീസ് ശ്രമം ആരംഭിച്ചു.സോമരാജനും രാജുവും ഉൾപ്പെടെ എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായി ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ശിവാലയ ഓട്ടത്തിന് പുറപ്പെട്ടത്. ഒൻപതാമത്തെ ക്ഷേത്രമായ തിരുവിടക്കോടിലെ ദർശനം കഴിഞ്ഞ് പത്താമത്തെ ക്ഷേത്രമായ തിരുവാൻ കോടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം. ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിനടിയിൽപ്പെട്ട രാജുവിന്റെ തലയിൽ കൂടി ടയറുകൾ കയറിയിറങ്ങി നിലയിലായിരുന്നു. ഇടിയേറ്റ് റോഡിൽ തെറിച്ച് വീണ് തലയും കാലും തകർന്ന നിലയിലായിരുന്നു സോമരാജൻ. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരണമടഞ്ഞു. ശിവാലയ ഓട്ടത്തിനിടെ ഒൻപതാമത്തെ ക്ഷേത്രത്തിൽ നിന്ന് നേരത്തെ ഇറങ്ങിയ ഇരുവരും അപകടത്തിൽപ്പെട്ട വിവരം കൂടെയുള്ളവർ അറിഞ്ഞിരുന്നില്ല. മരണപ്പെട്ടവരുടെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ അവസാനം വന്നകോൾ തപ്പിയെടുത്ത തക്കല പൊലീസാണ് കൂടെയുള്ളവർക്ക് അപകടം സംബന്ധിച്ച വിവരം നൽകിയത്. മരിച്ച ഇരുവരും തെങ്ങ് കയറ്റ , മരം മുറി തൊഴിലാളികളാണ്. സോമരാജന്റെ ഭാര്യ ഷൈലജ. ചിത്ര, സൂര്യ എന്നിവർ മക്കളും പ്രമോദ് മരുമകനുമാണ്. അമ്പിളിയാണ് രാജുവിന്റെ ഭാര്യ, രഞ്‌ജിത്, രാജി എന്നിവർ മക്കളാണ്. തക്കല സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയ മൃതദേഹങ്ങൾ സന്ധ്യയായതോടെ വീടുകളിൽ എത്തിച്ച് അന്ത്യോപചാരം അർപ്പിച്ച ശേഷം രാജുവിന്റെ മൃതദേഹം ഏഴ് മണിയോടെ വീട്ടുവളപ്പിലും സോമരാജന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിലും സംസ്കരിച്ചു.