തുർക്കിയിലും സിറിയയിലും നടന്ന അതിതീവ്ര ഭൂചലനങ്ങളിൽ മരണസംഖ്യ അനിനിയന്ത്രിതമായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ്. നിലവിലുള്ള മരണസംഖ്യയുടെ എട്ടിരട്ടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. മരണസംഖ്യ ഇതുവരെ 4500 കടന്നിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം 15000-20000നും ഇടയിലാണ്. ഇതും വലിയൊരു സംഖ്യയിലേക്ക് എത്തുമെന്ന് കണക്കാക്കുന്നു. കനത്ത മഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തെ ദുർഘടമാക്കുന്നുണ്ട്. കൂടാതെ, ധാരാളം കെട്ടിടങ്ങൾ തകർന്നതിനാൽ രക്ഷപെടുത്തുന്നവരെ പുനരധിവസിപ്പിക്കതിൽ പ്രതിസന്ധിയുണ്ട്. ഇന്ത്യയിൽ നിന്നുള്ള രക്ഷാപ്രവർത്തന സംഘം തുർക്കിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്, അതിനാൽ ആദ്യ ഘട്ടത്തിൽ ലഭിച്ച 2600 എന്ന പ്രാരംഭ കണക്കുകളിൽ നിന്ന് എട്ട് മടങ്ങ് വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മോൾവുഡ് വ്യക്തമാക്കി. വീടുകളിലേക്ക് തിരികെ പോകാൻ സാധിക്കാതെ ജനങ്ങൾ സംഘം ചേർന്ന് നിക്കുന്നത് ശ്വാസകോശ രോഗങ്ങൾ പടർത്തുന്ന വൈറസിന്റെ വ്യാപനത്തിന് കാരണമായേക്കാം എന്ന് കാതറിൻ സൂചിപ്പിച്ചു.തിങ്കളാഴ്ച പുലർച്ചെ റിക്ടർ സ്‌കൈലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം നാലിന് മുകളിൽ രേഖപ്പെടുത്തപ്പെട്ട നൂറോളം തുടർചലങ്ങൾ
ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇറാക്ക്, തായ്വാൻ, ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി, ഇറ്റലി, ഗ്രീസ്, അമേരിക്ക തുടങ്ങിയ ഒട്ടനവധി രാജ്യങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്.നൂറുവർഷത്തിനിടെ തുർക്കിയിലുണ്ടാകുന്ന ഏറ്റവും വിനാശകാരിയായ ഭൂചലനമാണിതെന്ന് യു എസ് ജിയൊളോജിക്കൽ സർവേ അറിയിച്ചു. വടക്ക് പടിഞ്ഞാറൻ സിറിയയിലാണ് ഭൂചലനം കനത്ത നാശം വിതച്ചത്. സർക്കാർ നിയന്ത്രിത മേഖലയിലും വിമതരുടെ കൈവശമുള്ള ഒട്ടേറെ പ്രദേശങ്ങളിലും നാശമുണ്ടായി.