‘പേര് മാത്രം വിളിച്ചാൽ മതി, ജാതി വാൽ വേണ്ട’; ‘മേനോനെ’ ഒഴിവാക്കി നടി സംയുക്ത

ഇനി മുതൽ പേര് എന്ന് മാത്രം വിളിച്ചാൽ മതി, ഒപ്പമുണ്ടായിരുന്ന ജാതി വാൽ ഒഴിവാക്കിയെന്ന് നടി സംയുക്ത. ധനുഷ് നായകനായ ‘വാത്തി’ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സോഷ്യൽമീഡിയ ഹാൻഡിലുകളിൽ നിന്നും കുറച്ച് നാളുകൾക്ക് മുൻപ് താരം ‘മേനോൻ’ ഒഴിവാക്കിയിരുന്നു. 

അഭിമുഖത്തിനിടെ അവതാരിക നടിയെ സംയുക്ത മേനോൻ എന്ന വിളിച്ചപ്പോഴാണ് തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്നും മേനോൻ എന്ന ജാതി വാൽ മുൻപ് ഉണ്ടായിരുന്നു. ഞാൻ അഭിനയിച്ച സിനിമകളിലും പേരിന്റെ മേനോൻ ഉള്ളത് ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന ‘വാത്തി’യിൽ സ്‌കൂൾ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. തന്നെ ഇനി സംയുക്ത എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് ഇൻസ്റ്റാ​ഗ്രാമിലൂടെയും താരം അറിയിച്ചിരുന്നു. നിരവധി ആളുകളാണ് താരത്തെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. മലയാളത്തിൽ ‘കടുവ’യിലാണ് സംയുക്ത അവസാനം പ്രത്യക്ഷപ്പെട്ടത്. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.