മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനഹയർ കൈപ്പറ്റുന്നുവെന്ന ആരോപണത്തിൽ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന. ജില്ലാ കളക്ടറേറ്റുകളിലും CMDRF കൈകാര്യം ചെയ്യുന്ന വിഭാഗത്തിലും രാവിലെ 11 മുതലാണ് പരിശോധന ആരംഭിച്ചത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി സ്വാധീനിച്ചും ഏജന്റുമാർ മുഖേനയും കൃത്രിമം നടക്കുന്നുണ്ടെന്നാണ് ആരോപണം.CMDRF സെക്ഷൻ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ധനസഹായം കൈപ്പറ്റുന്നുവെന്നാണ് പ്രധാന ആക്ഷേപം. ഇതിനായി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും, ഇത്തരം ഏജന്റുമാർ മുഖേന സമർപ്പിക്കുന്ന അപേക്ഷകളിലെ രേഖകൾ വ്യാജമാണെന്നും പരാതിയുണ്ട്. വ്യാജ മെഡിക്കൽ, വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ഇത്തരക്കാർ പണം തട്ടുന്നു. ചിലയിടങ്ങളിൽ അർഹരായ അപേക്ഷകരെ ഉപയോഗിച്ചും പണം തട്ടുന്നതായും കണ്ടെത്തി.ഇത്തരം അപേക്ഷകളിൽ അർഹരായ വ്യക്തിയുടെ പേരിനൊപ്പം അവരുടെ ഫോണ്‍നമ്പരിന് പകരം ഏജന്റിന്റെ ഫോൺ നമ്പർ നൽകും. തുക പാസായി അപേക്ഷകന്റെ അക്കൗണ്ടിലെത്തുന്ന പണത്തിന്റെ വിഹിതം ഇത്തരം ഏജന്റുകൾ കൈപ്പറ്റുകയുമാണ് പതിവ്. ഇത്തരം പരാതികൾ വർധിച്ചതോടെയാണ് വിജിലൻസിൻ്റെ മിന്നല്‍ പരിശോധന. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിൻ്റെ നിർദ്ദേശ പ്രകാരമാണ് നടപടി പുരോഗമിക്കുന്നത്.