തിരുവനന്തപുരം : തിരുവനന്തപുരം കുറവൻകോണത്ത് യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചൽ സ്വദേശി വൈശാഖിനെയാണ് അറസ്റ്റ് ചെയ്തത്. ഉറപ്പുകളും പ്രഖ്യാപനങ്ങളുമൊക്കെ ഇങ്ങനെ ആവര്‍ത്തിക്കുമ്പോഴും തലസ്ഥാന നഗരിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.രാവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയ യുവതിക്ക് നേരെയാണ് കുറവൻകോണത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. കാറിലിരുന്ന പള്ളിച്ചൽ സ്വദേശിയായ വൈശാഖ് വഴിയാത്രക്കാരിയായ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കൈയ്യിൽ കയറി പിടിക്കുകയും ചെയ്തു. പെൺകുട്ടി ബഹളം വെച്ചപ്പോൾ നാട്ടുകാര്‍ ഓടികൂടി. കാറുമായി വൈശാഖ് രക്ഷപ്പെട്ടു. കാറിന്‍റെ നമ്പര്‍ തിരഞ്ഞുള്ള അന്വേഷണം ചെന്നെത്തിയത് വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ്. വ്യവസായ വകുപ്പിലെ ക്ലര്‍ക്കാണ് പ്രതി. ഓഫീസിൽ കയറി മ്യൂസിയം പൊലീസ് വൈശാഖിനെ കൈയ്യോടെ പിടികൂടി. ഇതിന് മുമ്പും പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധിച്ചിട്ടുള്ള വൈശാഖ് കരുതികൂട്ടി അതിക്രമം കാണിക്കാൻ കാത്തുനിന്നുവെന്നാണ് പൊലീസ് പറയുന്നത്. വാഹനം ശ്രദ്ധയിൽപ്പെട്ടതുകൊണ്ട് മാത്രമാണ് പ്രതി വേഗത്തിൽ വലയിലായത്. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് സാഹിത്യോത്സവം കഴിഞ്ഞ് മടങ്ങിയ സ്ത്രീയെ ആക്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ടുപ്രതികളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.