കേരളത്തിലെ ആദ്യ എ.ഐ ഉച്ചകോടി കഴക്കൂട്ടം ടെക്നോപാർക്കിൽ സംഘടിപ്പിച്ചു.

തിരുവനന്തപുരം:സാങ്കേതിക വിജ്ഞാന കൂട്ടായ്മയായ നാസ്കോം ഫയ: 80യുടെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ എ.ഐ ഉച്ചകോടി ടെക്നോപാർക്കിൽ സംഘടിപ്പിച്ചു.

ജീവനക്കാരുടെ ഘടനയിലും തൊഴിൽ സാഹചര്യത്തിലും എ.ഐ കാര്യമായ സ്വാധീനം ചെലുത്തുമെന്നും എച്ച്.ആർ രംഗത്ത് പോലും ഇത് പ്രതിഫലിക്കുമെന്നും കേരളാ സ്റ്റാർട്ടപ്പ് മിഷൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അനൂപ് അംബിക പറഞ്ഞു. തുടർച്ചയായ അപ്പ് സ്കില്ലിംഗ്, റി സ്കില്ലിംഗ് പ്രക്രിയകൾ ജീവനക്കാരുടെ നിയമനത്തിന് ശേഷവും തുടരേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കുന്ന കാര്യങ്ങളിൽ മാറ്റംവരണം. കഴിവുള്ളവരെ തെരഞ്ഞ് പോകുന്ന ടാലന്റ് ഹണ്ടിംഗിൽ നിന്ന് നിലവിലുള്ളവരുടെ കഴിവ് പരിപോഷിപ്പിക്കുന്ന ടാലന്റ് ഫാമിംഗിലേക്ക് റിക്രൂട്ട്മെന്റ് രീതിയിലും മാറ്റം വരണം.

വിദ്യാർത്ഥികൾക്ക് തൊഴിൽ നേടാനുള്ള കഴിവുകൾ സജ്ജമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും മുഖ്യസംഘാടകനായ ദീപു എസ്. നാഥ് പറഞ്ഞു. ഗൂഗിളിലെ സ്റ്റാഫ് ഡെവലപ്പർ അഡ്വക്കേറ്റ് അമൃത് സഞ്ജീവ്, അറ്റ്ലാസിയനിലെ എൻജിനിയറിംഗ് ലീഡർ സണ്ണി ഗുപ്ത, എസ്.എസ് കൺസൾട്ടിംഗ് കോഫൗണ്ടറും പ്രിൻസിപ്പൽ കൺസൾട്ടന്റുമായ അനീഷ് അരവിന്ദ്, സ്റ്റോറി ബ്രയിൻ സി.ഇ.ഒ ജിക്കു ജോസ്, അലോകിൻ സോഫ്ട്വെയർ സി.ഇ.ഒ രാജീവ് ജെ. സെബാസ്റ്റ്യൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.