വിവിധ ജില്ലകളിലെ പശുക്കൾക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിൽ പ്രശ്നമുണ്ടെന്ന് സംശയിക്കുന്ന കാലിത്തീറ്റ ബാച്ച് പിൻവലിച്ച് സ്വകാര്യകമ്പനി. കെ.എസ്.ഇ. കമ്പനിയുടെ കെ.എസ്. സുപ്രീം തീറ്റയിലാണ് പ്രശ്നമെന്ന് മൃഗസംരക്ഷണവകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പശുക്കൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. കോട്ടയം ജില്ലയിൽ 104 പശുക്കൾക്ക് അസുഖബാധയുണ്ടായി. അതിൽ രണ്ടു പശുക്കൾ ചത്തെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. 23 കർഷകരാണ് ജില്ലയിൽ പരാതിനൽകിയത്. സംഭവത്തിൽ ക്ഷീരസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അന്വേഷണത്തിന് ഉത്തരവിട്ടു.
ക്ഷീരസംഘങ്ങൾവഴി വിതരണംചെയ്ത തീറ്റ പ്രശ്നമുണ്ടാക്കിയെന്ന് പലജില്ലകളിലും പരാതിവന്നിരുന്നു. ഡോക്ടർമാരുടെ സംഘത്തെ അയച്ച് മൃഗസംരക്ഷണവകുപ്പ് രക്തസാംപിൾ, വിസർജ്യം എന്നിവ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ക്ഷീരകർഷകർ ജാഗ്രതപാലിക്കണമെന്ന് നിർദേശം നൽകിയതായി മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.