ബിബിസിയിലെ റെയ്ഡ് രാത്രിയിലും തുടര്‍ന്ന്‌ രണ്ടാം ദിനത്തിലേക്ക്

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്റെ (ബി.ബി.സി.) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച റെയ്ഡ് രാത്രിയിലും തുടര്‍ന്ന്‌ രണ്ടാം ദിനത്തിലേക്ക് കടന്നു.ഗുജറാത്ത് കലാപം പ്രതിപാദിക്കുന്ന ‘ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി ബി.ബി.സി. സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് റെയ്ഡ് നടക്കുന്നത്.

ഇതിനിടെ റെയ്ഡ് തുടരുന്ന സാഹചര്യത്തില്‍ ബ്രോഡ്കാസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഴികെയുള്ള ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാന്‍ ബിബിസി നിര്‍ദേശം നല്‍കി. റെയ്ഡുമായി സഹകരിക്കാനും അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് സമഗ്രമായി ഉത്തരം നല്‍കാനും ജീവനക്കാരോട് ആവശ്യപ്പെട്ടു. വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാം. എന്നാല്‍ ശമ്പളവുമായി ബന്ധപ്പെട്ട മറ്റ് ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കണം എന്നാണ് ബിബിസി ഇ-മെയില്‍ വഴി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

ലാഭം വക മാറ്റിയെന്നും മറ്റു ചില ക്രമക്കേടുകളും ആരോപിച്ചാണ് റെയ്ഡ് നടപടിയിലേക്ക് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കടന്നത്. ഇതുസംബന്ധിച്ച നോട്ടീസ് നേരത്തേ ബി.ബി.സി.ക്ക് നല്‍കിയിരുന്നെങ്കിലും അനുകൂലമായ സമീപനമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ജീവനക്കാരുടെ ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സ്ഥാപനത്തിലെ ചില ഡോക്യുമെന്റുകളും കണ്ടുകെട്ടിയെന്നാണ് വിവരം. ബി.ബി.സി.യുടെ 2012 മുതലുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

റെയ്ഡല്ല, സര്‍വേ നടത്തുന്നതിന്റെ ഭാഗമായാണ് ബി.ബി.സി.യില്‍ എത്തിയതെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പിടിച്ചെടുത്ത ഫോണുകള്‍ തിരികെ നല്‍കുമെന്നും അവര്‍ അറിയിച്ചു. സര്‍വേ നടത്തുന്നതിനു മുന്‍പായി ഒരു നോട്ട് തയ്യാറാക്കുകയും അത് മുതിര്‍ന്ന ഐ.ടി. ഉദ്യോഗസ്ഥരെ കാണിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പ് 131 എ സെക്ഷന്‍ പ്രകാരമുള്ള സര്‍വേയാണ് നടത്തിയത്.

റെയ്ഡിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മാധ്യമപ്രവര്‍ത്തക കൂട്ടായ്മകളും രംഗത്തെത്തിയിട്ടുണ്ട്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഒരു പക്ഷം ചേര്‍ന്ന് വിധിപറയുന്നില്ലെന്ന് യുഎസ് പ്രതികരിച്ചു. അതേ സമയം മാധ്യമ സ്വാതന്ത്ര്യത്തിന്റെ പ്രധാന്യത്തെ പിന്തുണയ്ക്കുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാക്താവ് അറിയിച്ചു