ആയുര്‍വേദ റിസോര്‍ട്ടിലെ താമസത്തില്‍ വിശദീകരണവുമായി യുവജനകമ്മിഷൻ അധ്യക്ഷ ചിന്ത ജെറോം. അമ്മയുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്നും മാസം ഇരുപതിനായിരം രൂപയാണ് വാടക നല്‍കിയതെന്നും ചിന്ത ജെറോം പറഞ്ഞു. ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വിജിലന്‍സിന് പരാതി നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി.സ്വകാര്യകാര്യങ്ങള്‍ പറയേണ്ടിവരുന്നതില്‍ വിഷമമുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടാണ് ചിന്ത ജെറോം വിശദീകരിച്ചത്. തങ്കശ്ശേരിയിലെ സ്വകാര്യ ആയുര്‍വേദ റിസോർട്ടിൽ അമ്മയുടെ ചികില്‍സയുമായി ബന്ധപ്പെട്ടാണ് താമസിച്ചത്. വീടു പുതുക്കി പണിയുന്ന സമയത്ത് കുടുംബസുഹൃത്തായ ഗീത ഡാര്‍വിന്‍ മുഖേന മൂന്നുമുറിയുളള അപ്പാര്‍ട്മെന്റിലായിരുന്നു താമസം. മാസം ഇരുപതിനായിരം രൂപ വാടക. തനിക്കെതിരെ നിരന്തരം വിവാദങ്ങളുണ്ടാക്കുകയും മറുപടി പറയേണ്ടിവരികയും ചെയ്യുന്നതില്‍ വിഷമമുണ്ടെന്നും ചിന്ത പറഞ്ഞു. 8500 രൂപ വരെ പ്രതിദിനം വാടക വരുന്ന അപ്പാർട്മെന്റില്‍ ഒന്നേമുക്കാൽ വർഷം ചിന്ത താമസിച്ചെന്നും ഇതിനുളള പണം എവിടെ നിന്നാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം.സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിലാണ് വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ പിഴവ്. ഇവയുമായി ബന്ധപ്പെട്ട വിവാദം തീരും മുമ്പേയാണ് ചിന്തയുടെ റിസോര്‍ട്ട് താമസം വിവാദമായത്.