പന്തളം : വാടകവീട്ടിൽ യുവതി മരിച്ച നിലയിൽ കാണപ്പെട്ടത് കൊലപാതകമാണെന്നതിനു തെളിവുകൾ ലഭിച്ചെന്ന് പൊലീസ്. പുന്തല തുളസീഭവനം വീട്ടിൽ സജിതയെയാണ് (40) വെള്ളിയാഴ്ച രാത്രി പൂഴിക്കാട് തച്ചിരേത്ത് ജംക്‌ഷനു സമീപത്തെ വാടകവീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.
മരക്കഷണം കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നാണ് നിഗമനം. തലയ്ക്ക് പിന്നിലും വലതുവശത്തും കഴുത്തിനു പിൻഭാഗത്തും അടിയേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. അതേസമയം, ഇവർക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെ കണ്ടെത്താനായില്ല. ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്താണ് ഒളിവിൽ പോയത്. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ശക്തമാക്കി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷമാണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസെത്തിയത്. സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി പത്തോടെയാണ് തലയ്ക്ക് അടിയേറ്റ നിലയിൽ സജിതയെ കണ്ടെത്തിയത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.പൂഴിക്കാട് തച്ചിരേത്ത് ലക്ഷ്മി നിലയത്തിലാണ് 3 വർഷത്തോളമായി ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. നാട്ടുകാരുമായി ഇരുവരും അടുപ്പം പുലർത്തിയിരുന്നില്ല. വെള്ളിയാഴ്ച രാത്രി ഷൈജു സുഹൃത്തുക്കളെ ഫോണിൽ വിളിച്ച് ഒരപകടമുണ്ടായെന്നും വീട്ടിലേക്ക് പെട്ടെന്നെത്തണമെന്നും പറഞ്ഞു. എന്നാൽ, ഇവർ വീട്ടിലെത്തുന്നതിനു മുൻപ് ഷൈജു അവിടെ നിന്നു കടന്നു കളഞ്ഞു.തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന നിലയിൽ കിടന്ന സജിതയെ പിന്നീട് പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. സജിത വിവാഹിതയാണ്. 4 വർഷത്തോളമായി ഭർത്താവുമായി അകന്ന് കഴിഞ്ഞുവരികയുമായിരുന്നു. തിരുവല്ലയിൽ ഒരു വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തു വരുമ്പോൾ ഫെയ്‌സ്ബുക്കിലൂടെയാണ് ഷൈജുവിനെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ഡിവൈഎസ്പി ആർ.ബിനു, എസ്എച്ച്ഒ എസ്.ശ്രീകുമാർ എന്നിവരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തി.