ന്യൂസീലൻഡിനെതിരായ അവസാന ടി-20യിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഇന്ത്യ മുന്നോട്ടുവച്ച 235 റൺ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസീലൻഡ് 12.1 ഓവറിൽ 66 റൺസിന് ഓളൗട്ടായി. 168 റൺസിനു മത്സരം വിജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന സ്കോറിനു സ്വന്തമാക്കി. 25 പന്തിൽ 35 റൺസ് നേടിയ ഡാരിൽ മിച്ചൽ മാത്രമാണ് ന്യൂസീലൻഡ് നിരയിൽ തിളങ്ങിയത്. കുൽദീപ് യാദവ് ഒഴികെ ഇന്ത്യക്കായി പന്തെറിഞ്ഞവരെല്ലാം വിക്കറ്റ് കോളത്തിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ 4 വിക്കറ്റ് വീഴ്ത്തി.ഫിൻ അലനെ (3) ഹാർദിക് പാണ്ഡ്യ ആദ്യ ഓവറിൽ സൂര്യകുമാർ യാദവ് പറന്നുപിടിച്ചാണ് ന്യൂസീലൻഡ് ഇന്നിംഗ്സ് ആരംഭിച്ചത്. ഡെവോൺ കോൺവേയും (1) മാർക് ചാപ്മാനും (0) അർഷ്ദീപിൻ്റെ അടുത്ത ഓവറിൽ മടങ്ങി. ഹാർദികിൻ്റെ മൂന്നാം ഓവറിൽ ഗ്ലെൻ ഫിലിപ്സിനെ (2) വീണ്ടും സൂര്യ പറന്നുപിടിച്ചു. മൈക്കൽ ബ്രേസ്‌വൽ (8) ഉമ്രാൻ മാലിക് എറിഞ്ഞ അഞ്ചാം ഓവറിൽ പുറത്തായി. മിച്ചൽ സാൻ്റ്നറിനെ (13) ശിവം മവിയുടെ ഓവറിൽ മറ്റൊരു തകർപ്പൻ ക്യാച്ചിലൂടെ സൂര്യ മടക്കിഅയച്ചു. അതേ ഓവറിൽ തന്നെ സിഹ് സോധിയെ (0) രാഹുൽ ത്രിപാഠി പിടികൂടി. ഹാർദിക് എറിഞ്ഞ 10ആം ഓവറിൽ ലോക്കി ഫെർഗൂസൻ (0) ഉമ്രാൻ മാലിക്കിൻ്റെ മൈകളിൽ അവസാനിച്ചു. 12ആം ഓവറിൽ ബ്ലയർ ടിക്ക്നറെ (1) ഇഷാൻ കിഷൻ്റെ കൈകളിലെത്തിച്ച ഹാർദിക് 4 വിക്കറ്റ് നേട്ടം സ്വന്തമാക്കി. അടുത്ത ഓവറിലെ ആദ്യ പന്തിൽ ഡാരിൽ മിച്ചലിനെ (35) ശിവം മവിയുടെ കൈകളിലെത്തിച്ച ഉമ്രാൻ മാലിക് ന്യൂസീലൻഡിൻ്റെ അവസാന വിക്കറ്റ് വീഴ്ത്തി.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 234 റൺസ് നേടി. ടി-20 കരിയറിലെ ആദ്യ സെഞ്ചുറി കുറിച്ച ശുഭ്മൻ ഗില്ലാണ് (126 നോട്ടൗട്ട്) ഇന്ത്യയെ വമ്പൻ സ്കോറിലേക്ക് നയിച്ചത്. രാഹുൽ ത്രിപാഠി (22 പന്തിൽ 44), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ടി-20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടോട്ടലാണിത്.