മാങ്ങാ മോഷണ കേസ്; പ്രതിയായ പൊലീസുകാരെ പിരിച്ചുവിട്ടേക്കും

മാങ്ങാ മോഷണ കേസില്‍ പ്രതിയായ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടേക്കും. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി വി ഷിഹാബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 15 ദിവസത്തിനകം ഇടുക്കി എസ്പിക്ക് വിശദീകരണം നല്‍കണം.കഴിഞ്ഞ സെപ്തംബര്‍ 28നായിരുന്നു ഷിഹാബ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ മുണ്ടക്കയത്തെ പഴക്കടയില്‍ വച്ച് മാങ്ങ മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ ഷിഹാബിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ പഴക്കടക്കാരന്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ കോടതി കേസ് തീര്‍പ്പാക്കുകയായിരുന്നു. എന്നാല്‍ പൊലീസ് വകുപ്പിനാകെ മാങ്ങാ മോഷണ കേസ് നാണക്കേടുണ്ടാക്കി.മാങ്ങാ മോഷണം കൂടാതെ മറ്റ് രണ്ട് കേസുകള്‍ കൂടിയുള്ളതും അച്ചടക്ക നടപടി നേരിട്ടതും ഷിഹാബിനെ പിരിച്ചുവിടുന്നതിന് കാരണമാകും. ഇതോടെ ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ഒരു മാസത്തിനകം പിരിച്ചുവിടല്‍ നടപടി നേരിടുന്ന ആറാമത്തെ പൊലീസുകാരനാകും ഷിഹാബ്.