കൊച്ചി• കരൾ രോഗത്തെ തുടർന്ന് അന്തരിച്ച അവതാരകയും നടിയുമായി സുബി സുരേഷിന്റെ സംസ്കാരം ഇന്ന്. ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചിരുന്നു. ഇവിടെ രണ്ടു മണിക്കൂർ നീണ്ടുനിന്ന പൊതുദർശനത്തിനു പിന്നാലെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വച്ചു. മൂന്നിനു ചേരാനല്ലൂർ ശ്മശാനത്തിൽ സംസ്കാരം.തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. കരൾ രോഗത്തെത്തുടർന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു.കരൾ മാറ്റിവയ്ക്കാൻ ആശുപത്രി ഇൻസ്റ്റിറ്റ്യൂഷനൽ ബോർഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കൽ ബോർഡ് ഇന്നലെ പരിഗണിക്കാനിരിക്കെയാണു മരണം.കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ വൻ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു.