അതിഥിത്തൊഴിലാളികളുടെ വീട് തകർത്ത് അരിക്കൊമ്പൻ; എസ്റ്റേറ്റിനുള്ളിൽ മറ്റൊരു കാട്ടാന ചരിഞ്ഞ നിലയിൽ

ഇടുക്കി പന്നിയാർ എസ്റ്റേറ്റിലെ ബി.എൽ റാവിൽ വീണ്ടും ഒറ്റയാൻ അരിക്കൊമ്പന്റെ ആക്രമണം. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന വീടാണ് ആന തകർത്തത്. അതിനിടെ, ബി.എൽ റാവിന് സമീപം എസ്റ്റേറ്റിനുള്ളിൽ മറ്റൊരു കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് അരിക്കൊമ്പൻ വീണ്ടുമെത്തിയത്. മണിച്ചേട്ടിയർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിന് നേരെയായിരുന്നു ആക്രമണം. അഥിതി തൊഴിലാളികളായിരുന്നു ഇവിടെ താമസം. ആക്രമണത്തിൽ വീട് ഭാഗിഗമായി തകർന്നു. ആർക്കും പരിക്കില്ല.നാട്ടുകാർ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രദേശത്ത് അടുത്തിടെ മൂന്നാമത്തെ വീടാണ് അരിക്കൊമ്പൻ തകർക്കുന്നത്. അരി തിന്നാൻ വേണ്ടിയാണ് വീടുകൾ ആക്രമിക്കുന്നതെന്നാണ് നിഗമനം. ബി.എൽ റാവിനോട് ചേർന്നുള്ള പന്നിയാർ എസ്റ്റേറ്റിലെ ഏലത്തോട്ടത്തിൽ ഇന്ന് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സിഗരറ്റ് കൊമ്പൻ എന്നറിയപ്പെടുന്ന ആനയാണ് ചരിഞ്ഞത്. വനപാലകർ നടത്തിയ പരിശോധനയിൽ താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റതാണെന്ന് തിരിച്ചറിഞ്ഞു. ആനയുടെ ജഡം അവിടെ തന്നെ സംസ്കരിക്കും.