രണ്ടാം വർഷ പിജി വിദ്യാർഥിയായ ഡോ.സൈഫിന്റെ മാനസിക പീഡനമാണ് ഡോ.പ്രീതിയുടെ മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടുകൾ. 2022 ഡിസംബർ മുതൽ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിർന്ന വിദ്യാർഥികൾ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു. പ്രീതിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രീതി ബുധനാഴ്ച രാത്രി, റെയിൽവേ പൊലീസിൽ എസ്.ഐ ആയ നരേന്ദറിനെ ഫോണിൽ വിളിച്ചിരുന്നു. ഡോ.സൈഫ് എന്ന സീനിയർ വിദ്യാർഥിയുടെ നേതൃത്വത്തിൽ അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പ്രീതി പരാതിപ്പെട്ടു. കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായും ഡ്യൂട്ടി സമയത്ത് വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ല എന്നും പ്രീതി പിതാവിനോടു പറഞ്ഞു. അദ്ദേഹം ഇക്കാര്യം ലോക്കൽ പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രീതി ജീവനൊടുക്കാൻ ശ്രമിച്ചത്.
വാറങ്കല്‍ സ്വദേശിനിയായ പ്രീതി ആശുപത്രിയില്‍ വച്ച് സ്വയം വിഷം കുത്തി വെച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. നില ഗുരുതരമായതോടെ ഹൈദരാബാദിലെ നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.