സുബി സുരേഷിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

കൊച്ചി: നടി സുബി സുരേഷിന്‍റെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സുബിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് മാത്രമല്ല സിനിമ ടിവി രംഗത്ത് തന്നെ അറിഞ്ഞവര്‍ അപൂര്‍വ്വമായിരുന്നു. 41 മത്തെ വയസിലാണ് സുബിയുടെ വിടവാങ്ങല്‍. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. സുബിയുടെ മരണത്തില്‍  ആദരാഞ്ജലി അര്‍പ്പിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. നിറഞ്ഞ ചിരിയോടെ മലയാളി പ്രേക്ഷകരുടെ സ്നേഹം കവർന്ന പ്രിയപെട്ട കലാകാരി സുബി സുരേഷ് അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞു. അഭിനയത്തിലും അവതരണത്തിലും ഇനിയും ഒരുപാട് ഉയർച്ചകളിലേക്ക് പോകേണ്ടിയിരുന്ന പ്രിയ സഹോദരിയുടെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ അര്‍പ്പിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.  സുബിക്ക്  ആദരാഞ്ജലി നേര്‍ന്ന് അവരുടെ  ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്.അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.