ചെന്നൈ: തമിഴ്നാട്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ അടിതെറ്റി വീണു. ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു തമിഴിസൈ സൗന്ദരരാജൻ. റോക്കറ്റ് ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഗവർണർക്ക് അടിതെറ്റിയത്. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് ഗവർണർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.തമിഴ്നാട് മഹാബലിപുരത്തിനടുത്തുള്ള പട്ടിപ്പുലം വില്ലേജിലാണ് തെലങ്കാന ഗവർണർ ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് ഉദ്ഘാടന പരിപാടിക്കായി എത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടിയായിരുന്നു തമിഴിസൈ സൗന്ദര രാജൻ ഉദ്ഘാടനം ചെയ്തത്. സ്റ്റേജിലെത്തി വിളക്കു കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ പ്രസംഗ ശേഷം വേദി വിട്ടിറങ്ങിയപ്പോളാണ് അടിതെറ്റിയത്. വേദിയിൽ നിന്നിറങ്ങി തിരിച്ച് കാറിലേക്ക് കയറുന്നതിനിടെ കാർപെറ്റിൽ കാൽതട്ടി വീഴുകയായിരുന്നു. പെട്ടെന്ന് തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ഓടിയെത്തി പിടിച്ചതോടെ ഗവർണർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപ്പോഴേക്കും വീഴ്ച്ചയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യമാധ്യമങ്ങളെല്ലാം ഗവർണർ അടിതെറ്റി വീണത് വാർത്തയാക്കുകയും ചെയ്തു. പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണർ പദവിയും വഹിക്കുന്നയാളാണ് തമിലിസായ് സൗന്ദര രാജൻ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിർമ്മിച്ച 150 ഉപഗ്രഹങ്ങൾ ഗവർണർ വിക്ഷേപിച്ചു. എ പി ജെ അബ്ദുൽ കലാം ഇന്റർനാഷ്ണൽ ഫൗണ്ടേഷനും കൽപ്പകം അറ്റോമിക് റിസേർച്ച് സെന്ററും, മാർട്ടിൻ ഫൗണ്ടേഷനും സ്പേസ് സോൺ ഓഫ് ഇന്ത്യയും സംയുക്തമായാണ് ഈ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ മക്കളായ 200 പേരും പുതുച്ചേരിയിലെ ഗോത്ര വിഭാഗത്തിൽ നിന്ന് 100 പേരുമാണ് ഈ മിഷനിൽ പങ്കെടുത്തത്.