നെയ്യാറ്റിൻകര (തിരുവനന്തപുരം) • ഈ ചക്രക്കസേര കാറിനുള്ളിൽ ഡ്രൈവിങ് സീറ്റാകും; ഓഫിസിലെത്തിയാൽ വില്ലേജ് ഓഫിസറുടെ കസേരയുമാകും. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ തളർന്ന നെയ്യാറ്റിൻകര വില്ലേജ് ഓഫിസർ വി.ദിലീപ്കുമാറിന്റെ (42) ഇച്ഛാശക്തിക്കു വേറെ തെളിവു വേണ്ട.നെയ്യാറ്റിൻകര തൊഴുക്കൽ ‘ഉത്ര’ത്തിൽ ദിലീപ്കുമാർ പോളിയോ ഹോമിൽനിന്നാണു പഠിച്ചതും വളർന്നതും. ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയശേഷം 17 വർഷം മുൻപ് സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യം താലൂക്ക് ഓഫിസിൽ ക്ലാർക്കും തുടർന്ന് റവന്യു ഇൻസ്പെക്ടറുമായി. മൂന്നാഴ്ച മുൻപാണ് വില്ലേജ് ഓഫിസറായത്. 2021 ജനുവരിയിൽ വാങ്ങിയ കാറിനു സുഹൃത്ത് തൃശൂർ സ്വദേശി സനിലിന്റെ സഹായത്തോടെ രൂപമാറ്റം വരുത്തി. മോട്ടർ വാഹന വകുപ്പിന്റെ അനുമതിയോടെയാണു മാറ്റങ്ങൾ.കാലുകൾക്കു ചലനശേഷിയില്ലാത്തതിനാൽ കൈ കൊണ്ടു നിയന്ത്രിക്കാവുന്ന ആക്സിലറേറ്ററും ബ്രേക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡിക്കിയുടെ ഭാഗത്തുകൂടി വീൽചെയർ അകത്തു കയറ്റാൻ റാംപ് ഉണ്ട്. വിനയ ശിവരാമനാണ് ദിലീപിന്റെ ഭാര്യ. മക്കൾ: ഉത്തര, ഉണ്ണിമായ.