റിയാദ്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ ദമ്മാമിൽ മരിച്ചു. സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ ബഹുമുഖ വ്യക്തിത്വമായിരുന്ന തിരുവനന്തപുരം മാറ്റാപ്പള്ളി മുഹമ്മദ് നജാം (63) ആണ് മരിച്ചത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ട് ദമ്മാമിൽ ഒരു പ്രമുഖ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസ ലോകത്ത് വിശാലമായ സൗഹൃദം സൂക്ഷിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച മുമ്പ് വാഹനാപകടത്തിൽ സാരമായി പരിക്ക് പറ്റിയ ഇദ്ദേഹത്തെ അൽഖോബാറിലെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നടന്നുവരവേ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. പ്രശസ്ത സിനിമാ പ്രവർത്തകയും കൊറിയോഗ്രാഫറുമായ സജ്‌ന നജാമിന്റെ ഭര്‍ത്താവാണ്. മക്കൾ - നീമ നജാം, റിയ നജാം. കേരളത്തിന്റെ മുൻ ഡി.ജി.പി ഒ.എം ഖാദറിന്റെ മകനാണ് നജാം.