കൊല്ലത്ത് ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. ആലപ്പുഴ ദേവികുളങ്ങര സ്വദേശി ജോബിൻ ജോർജ് (29)ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിങ്ങന്നൂർ ആലുംമൂട് രാഖി മന്ദിരത്തിൽ ശാരിയെയാണ് ഷാൾ മുറുക്കി കൊല്ലാൻ ശ്രമിച്ചത്.
ഇരുവരും ഒരു മാസം മുൻപാണ് വിവാഹിതരായത്. ശാരിയുടെ നേരത്തേയുള്ള വിവാഹത്തിൽ പതിനാലു വയസുള്ള പെൺകുട്ടിയുണ്ട്. ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്തിയിട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ ജോബിനും ശാരിയും തമ്മിൽ വഴക്കുണ്ടാകുകയും ഉപദ്രവിക്കുകയും ചെയ്തു.
എയർഗൺ ഉപയോഗിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരിയെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ശാരിയുടെ നിലവിളി കേട്ട നാട്ടുകാരാണ് പൂയപ്പള്ളി പൊലീസിൽ അറിയിച്ചത്. തുടർന്ന് ശാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.