ട്രെയിനിൽ യാത്ര ചെയ്യവേ ഐഫോണും മൊബൈൽ ഫോണുകളുമടങ്ങിയ ബാഗ് കവർന്നയാൾ അറസ്റ്റിൽ. ഇന്നലെ രാവിലെ ചെന്നൈയിൽ നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് വന്ന സൂപ്പർഫാസ്റ്റ് ട്രെയിനിലായിരുന്നു കവർച്ച. ആലപ്പുഴ വളമംഗലം സ്വദേശി പ്രവീൺകുമാറിനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഐഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.ഫോണുകൾ ഉൾപ്പെടെ ഒരുലക്ഷത്തിലധികം രൂപ വിലവരുന്ന സാധനങ്ങളടങ്ങിയ ബാഗ് എ.സി കോച്ചിൽ നിന്നാണ് കവർന്നത്. യാത്രക്കാരനായ രമേശ് കുമാറിന്റെ ബാഗാണ് ഇയാൾ മോഷ്ടിച്ചത്. ട്രെയിനിൽ നിന്ന് ഇറങ്ങാൻ നേരമാണ് ബാഗ് നഷ്ടപ്പെട്ട വിവരം രമേശ് അറിഞ്ഞത്.തുടർന്ന് റെയിൽവേ പൊലീസിൽ നൽകിയ പരാതിയിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഐഫോണിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.