തിരുവനന്തപുരം: ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ച ജാർഖണ്ഡ് സ്വദേശി പിടിയിലായി. ജാർഖണ്ഡ് സാഹേബ് ഗഞ്ച് സ്വദേശി സഞ്ജയ് മണ്ഡൽ ആണ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വിഴിഞ്ഞം മുക്കോലയിൽ നിന്നും ബസ്സിൽ കയറിയ സഞ്ജയ് മണ്ഡൽ ഉച്ചക്കടയിലേക്ക് ടിക്കറ്റ് എടുത്തു. ഉച്ചകട എത്തിയപ്പോൾ ഇയാൾ ഇറങ്ങാതെ വന്നതോടെ ബസ്സിലെ കണ്ടക്ടറായ വെങ്ങാനൂർ പനങ്ങോട് സ്വദേശി പ്രേംലാൽ സഞ്ജയ് മണ്ഡലിനോട് സ്ഥലത്തിറങ്ങാനോ അല്ലെങ്കിൽ തുടർന്നുള്ള യാത്രയ്ക്ക് ടിക്കറ്റ് എടുക്കാനോ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ പ്രതി പ്രേംലാലിനെ ഹിന്ദിയിൽ അസഭ്യം വിളിക്കുകയും തോളത്ത് ഇടിക്കുകയും ആയിരുന്നു എന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. തുടർന്ന് ബസ്സ് നിർത്തി പ്രേംലാൽ പുറത്ത് ഇറങ്ങവേ പ്രതി കൈയിൽ കരുതിയിരുന്ന ഷവൽ ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചു എന്നും പരാതിയിൽ പറയുന്നു. കണ്ടക്ടറെ ആക്രമിച്ചതിനും ബസ്സിൻ്റെ ട്രിപ്പ് മുടക്കിയതിനും ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് ആണ് പ്രതിയെ പിടികൂടിയത് എന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.