തിരുവനന്തപുരം ജില്ലയിലും ഉത്സവകാലം ആരംഭിച്ചതിനാ ൽ ഭക്ഷണ ശീലങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. തട്ടുകടകളിൽ നിന്നുൾപ്പെടെ ഭക്ഷണം കഴിക്കുമ്പോൾ അവ വൃത്തിയുള്ള സാഹചര്യത്തിലാണ് തയ്യാറാക്കുന്നത് എന്നും ഭക്ഷണം അടച്ച് സൂക്ഷിച്ചിട്ടുണ്ട് എന്നും ഉറപ്പുവരുത്തുക. വയറിളക്കം, ടൈഫോയിഡ്, മഞ്ഞപ്പിത്തം,ഷിഗല്ല, കോളറ തുടങ്ങിയ രോഗങ്ങൾ മലിനജനത്തിലൂടെയും വൃത്തിഹീനമായി തയ്യാറാക്കിയ
ആഹാരത്തിലൂടെയുമാണ് പകരുന്നത്. പാചകത്തിന് ശുദ്ധമായ ജലം ഉപയോഗിക്കുന്നതിനും കുടിക്കാൻ നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം നൽകുന്നതിനും ആഹാരസാധനങ്ങൾ മൂടിവയ്ക്കുന്നതിനും ഹോട്ടൽ ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ച വെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർത്ത് നൽകരുത്. ഐസ് കടകൾ ശുദ്ധമായ ജലവും ഐസ്ക്യൂബും മാത്രമേ ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിക്കാവൂ. പഴകിയ ഭക്ഷണം ഉപയോഗിക്കാതിരിക്കാനും ആഹാരത്തിന് മുൻപും ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുകയും വേണം. അന്നദാനം, സമൂഹസദ്യ എന്നിവ തയ്യാറാക്കുമ്പോൾ ശുദ്ധമായ ജലമാണ് പാചകത്തിന് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകം ചെയ്യുന്നവർ വ്യക്തി ശുചിത്വം പൂർണമായും പാലിക്കേണ്ടതുമാണ്. ഭക്ഷണത്തിനുശേഷം ഛർദി, വയറിളക്കം എന്നിവ അനുഭവപ്പെട്ടാൽ സ്വയം ചികിത്സ ചെയ്യാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ഡോക്ടറുടെ നിർദ്ദേശാനുസരണം ചികിത്സ തേടേണ്ടതാണന്നും അറിയിപ്പിൽ പറയുന്നു.