പറവൂർ • ‘ഇവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇവളെ വിട്ടിട്ടു പോകാൻ എനിക്കാവില്ല’. ഇതു പറയുമ്പോൾ വിനുവിന്റെ കണ്ണു നിറയും. താലി കെട്ടാനിരുന്ന പെൺകുട്ടി അപകടത്തിൽ പരുക്കേറ്റു തളർന്നുപോയിട്ടും 7 വർഷമായി അവളെ പൊന്നുപോലെ നോക്കുകയാണു വിനു. മറ്റൊരു വിവാഹത്തിനു സ്വന്തം വീട്ടുകാരും നാട്ടുകാരും നിർബന്ധിച്ചെങ്കിലും തയാറായില്ല.പൊയ്യ മഠത്തുംപടി സ്വദേശികളാണു വിനുവും ലിനീഷയും. 11 വർഷം പ്രണയിച്ച ശേഷം ഇവർ വിവാഹക്കാര്യം വീട്ടുകാരെ അറിയിച്ചു. ആദ്യം ചില എതിർപ്പുകൾ ഉണ്ടായെങ്കിലും ഒടുവിൽ ഇരുവീട്ടുകാരും സമ്മതം മൂളി. 2016ൽ വിവാഹനിശ്ചയം കഴിഞ്ഞശേഷം ലിനീഷയുടെ വീട്ടുകാർ പഴനി, വേളാങ്കണ്ണി തീർഥയാത്രയ്ക്കു പോയി മടങ്ങുന്നതിനിടെ വാഹനം അപകടത്തിൽപെട്ടു. അന്നു മുതൽ കിടന്നകിടപ്പിലാണ് ലിനീഷ. വിളിച്ചാൽ കണ്ണുതുറന്നു നോക്കും എന്നു മാത്രം.അപകടത്തിൽ ലിനീഷയുടെ അച്ഛനും അമ്മയ്ക്കും പരുക്കേറ്റു. മൂവരും കിടപ്പിലായതോടെ ഇവരെ വിനു ഏറ്റെടുത്തു. തളർന്നു കിടക്കുന്ന ലിനീഷയെ കണ്ടുകൊണ്ടു മറ്റൊരാളെ താലികെട്ടാൻ കഴിയില്ലെന്നു വിനു പറഞ്ഞു. കൂലിപ്പണി ചെയ്തു കിട്ടുന്ന വരുമാനത്തിൽ നിന്നാണു വിനു സ്വന്തം വീട്ടിലെയും ലിനീഷയുടെ വീട്ടിലെയും കാര്യങ്ങൾ നടത്തുന്നത്.ദിവസവും ലിനീഷയുടെ അടുത്തു വരികയും ചികിത്സയും വീട്ടിലെ ആവശ്യങ്ങളും നടത്തിക്കൊടുക്കുകയും ചെയ്യുന്നു. പാണ്ടിപ്പിള്ളി കൃഷ്ണൻകുട്ടിയുടെയും ഓമനയുടെയും മകളാണു ലിനീഷ. സ്വന്തം വീട് താമസയോഗ്യമല്ലാതായതിനാൽ 3 വർഷമായി വാടക വീട്ടിലാണു താമസം. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടെങ്കിലും തുടർനടപടിയായില്ല. ലിനീഷയുടെ സഹോദരി നഴ്സായ അനീഷയും ചേച്ചിയെ ശുശ്രൂഷിച്ചു വീട്ടിലുണ്ട്.