മലയാളത്തിന്റെ പ്രിയകവിയുംഗാനരചയിതാവുമായ ഒ.എൻ.വി മാഷ് മൺമറഞ്ഞിട്ട് 7 വർഷം

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ....!


സർഗ്ഗസൗഹൃദത്തിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു കലാലയവിദ്യാർത്ഥികളായിരുന്ന  
ഓ എൻ വി കുറുപ്പും ദേവരാജൻ മാസ്റ്ററും .......!
കവിയായ ഓ എൻ വി യുടെ കാല്പനികത നിറഞ്ഞ വരികൾക്ക് സംഗീതം പകർന്ന് ആലപിക്കുന്നത് അക്കാലത്ത് ദേവരാജൻ മാസ്റ്ററുടെ ഇഷ്ട വിനോദമായിരുന്നു.......!
ആ കലാസൗഹൃദത്തിന്റെ ഉദ്യാനകാന്തി "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി " എന്ന നാടകത്തിന്റെ അണിയറയിലൂടെ തെളിയാൻ തുടങ്ങി. ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രീതി നേടിയ ഇരുപത്തിമൂന്ന് ഗാനങ്ങളായിരുന്നു ആ നാടകത്തിന്റെ ഉൾക്കരുത്ത്. "പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ...." "വെള്ളാരംകുന്നിലെ പൊൻ മുളംകാട്ടിലെ .....തുടങ്ങിയ നാടക ഗാനങ്ങൾ കേരളം അക്ഷരാർത്ഥത്തിൽ തന്നെ നെഞ്ചിലേറ്റുകയായിരുന്നു. 
1955-ൽ "കാലം മാറുന്നു "എന്ന സിനിമയിലൂടെ
ചലച്ചിത്ര മേഖലയിൽ എത്തിയപ്പോഴും ഈ കൂട്ടുകെട്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. അക്കാലത്ത് ഗവൺമെൻറ് ജോലിക്കാർക്ക് 
കലാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ വിലക്കുണ്ടായിരുന്നതിനാൽ "ബാലമുരളി " എന്ന തൂലികാനാമത്തിലായിരുന്നു 
 ഓ എൻ വി കുറെ ചിത്രങ്ങളിൽ ഗാനരചന നടത്തിയത് . 
 പച്ചിലയും കത്രികയും പോലെ മലയാളത്തിന് കുറേ നല്ല ഗാനങ്ങൾ സംഭാവന ചെയ്ത ഈ സർഗ്ഗപ്രതിഭകൾക്കിടയിൽ എപ്പോഴോ ഒരു ചെറിയ അസ്വാരസ്യം രൂപാന്തരപ്പെട്ടു.
ആ പിണക്കം നീണ്ടു നിന്നത് എട്ടു വർഷത്തോളം .....!
അകന്നു നിന്നപ്പോഴും അരികിലുണ്ടായിരുന്നെങ്കിൽ എന്ന് ഇരുവരും ആഗ്രഹിച്ച എട്ടു വർഷങ്ങൾ ......!
ആ സൗന്ദര്യപ്പിണക്കം തീർക്കാൻ മുൻകൈയെടുത്തത് സംവിധായകനായ ജേസി ആയിരുന്നു. അദ്ദേഹത്തിന്റെ "നീയെത്ര ധന്യ "എന്ന ചിത്രത്തിൽ ഇരുവരേയും വീണ്ടും ഒരുമിപ്പിച്ചു .
വർഷങ്ങളോളം നീണ്ടു നിന്ന 
ആ ഹൃദയവേദന ഓ എൻ വി കടലാസിലേക്ക് പകർത്തി ....! "അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വെറുതെ 
നിനച്ചു പോയി......!"
നഷ്ടനൊമ്പരങ്ങളുടെ ഉൾത്തുടിപ്പുകളിൽ കടഞ്ഞെടുത്ത ആ വരികൾ ദേവരാജൻ മാസ്റ്റർ മനസ്സുകൊണ്ട് ഏറ്റെടുത്തു. അദ്ദേഹം നൽകിയ അനുപമ സംഗീത സൗന്ദര്യത്തിൽ ഈ ഗാനം മലയാളത്തിലെ ഏറ്റവും വികാര തീവ്രതയുള്ള ഗാനങ്ങളിൽ ഒന്നായി മാറി.....!
ആരേയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യം തുളുമ്പുന്ന വരികളായിരുന്നു ഓ എൻ വി യുടെ പേനത്തുമ്പിലൂടെ എന്നും ഉതിർന്നു വീണു കൊണ്ടിരുന്നത്. 
പതിനഞ്ചാം വയസ്സിൽ തുടങ്ങിയ 
ആ സപര്യ എഴുപതു വർഷം മലയാള കാവ്യ ലോകത്തും ചലച്ചിത്രഗാനരംഗത്തും നിറഞ്ഞുനിന്നു. മലയാള 
ഗാനസാഹിത്യരംഗത്തെ "ജ്ഞാനപീഠം "കയറിയ ഏക കവിശ്രേഷ്ഠനാണ് ഓ എൻ വി കുറുപ്പ് . 
ഏറെ കാലം ബാലമുരളി എന്ന തൂലികാനാമത്തിൽ ഒളിച്ചിരുന്ന കവി സ്വന്തം പേരിൽ ഗാനങ്ങൾ എഴുതിത്തുടങ്ങിയത് "സ്വപ്നം "എന്ന ചിത്രത്തിലൂടേയാണ്.
പിന്നീട് വന്ന മദനോത്സവം, 
ഈ ഗാനം മറക്കുമോ എന്നീ ചിത്രങ്ങളിൽ തുടങ്ങി "വൈശാലി " യിലെത്തിയപ്പോൾ ഇന്ത്യയിലെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്ക്കാരത്തിൽ ഈ പ്രതിഭ ജ്വലിച്ചു നിന്നു......!
പ്രകൃതിയിലേയും മനുഷ്യജീവിതത്തിലേയും ഒട്ടുമിക്ക ഭാവങ്ങളിലൂടെയും ഈ കവി കടന്നുപോയിട്ടുണ്ട്.
" അമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട് ....." എന്ന പിഞ്ചുഹൃദയത്തിന്റെ ചോദ്യം മുതൽ "ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി " യുടെ മാദകലഹരി വരെ ആ തൂലിക കടന്നുചെല്ലാത്ത മേഖലകൾ വിരളം.
"ഈശ്വരൻ മനുഷ്യനായ് അവതരിച്ച് ഈ മണ്ണിൻ ദുഃഖങ്ങൾ സ്വയം വരിച്ചതിന്റെ ത്യാഗവും പ്രിയമാനസനെവിടെയെന്ന് പ്രിയ സഖി ഗംഗയോടു ചോദിക്കുന്ന പാർവ്വതിയുടെ അന്വേഷണവും
കേവലം മർത്ത്യഭാഷ കേൾക്കാത്ത ദേവദൂതികയുടെ നൊമ്പരവും
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്താനുള്ള മോഹവുമെല്ലാം പകർന്നു തന്ന അനുഭൂതികൾ വാക്കുകൾക്ക് അവർണ്ണനീയം തന്നെ.
കാവ്യസൗന്ദര്യം തുടിച്ചു നിൽക്കുന്ന ഓ എൻ വിയുടെ ഗാനങ്ങളിലൂടെ കണ്ണോടിച്ചാൽ മറുകരയെത്തുക വളരെ പ്രയാസമായിരിക്കും ....! "മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി .....
( നഖക്ഷതങ്ങൾ, സംഗീതം ബോംബെ രവി, ആലാപനം ചിത്ര)
" ശ്യാമസുന്ദരപുഷ്പമേ .....
( യുദ്ധകാണ്ഡം, സംഗീതം കെ രാഘവൻ, ആലാപനം യേശുദാസ് )
 "ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി വെച്ചില്ലേ .... (ആര്യണ്യകം, സംഗീതം രഘുനാഥ സേട്ട്, ആലാപനം 
 കെ എസ് ചിത്ര )
  " കടലിന്നഗാധമാം നീലിമയിൽ ..... (സുകൃതം, സംഗീതം ബോംബെ രവി, ആലാപനം യേശുദാസ്, ചിത്ര)
   "മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി ...... (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം , സംഗീതം ജോൺസൺ, ആലാപനം യേശുദാസ് ) 
"നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷി ..... (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, സംഗീതം എം ബി ശ്രീനിവാസൻ, ആലാപനം യേശുദാസ്) 
  "സൗരയൂഥത്തിൽ വിടർന്നൊരു കല്യാണ ..... (സ്വപ്നം, സംഗീതം സലീൽ ചൗധരി, ആലാപനം വാണിജയറാം) 
  "ആടി വാ കാറ്റേ ..... (കൂടെവിടെ, സംഗീതം ജോൺസൺ, ആലാപനം എസ് ജാനകി )
  " സാഗരങ്ങളെ പാടിയുണർത്തിയ സാമഗീതമേ..... ( പഞ്ചാഗ്നി, സംഗീതം ബോംബെ രവി ആലാപനം യേശുദാസ്) 
  " സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ...... (മദനോത്സവം, സംഗീതം സലീല്‍ ചൗധരി, ആലാപനം
എസ് ജാനകി)
 തുടങ്ങിയ ചലച്ചിത്രഗാനങ്ങളും "ഇല്ലിമുളം കാടുകളിൽ ..... (മുടിയനായ പുത്രൻ ) 
  "മാനത്തെ മഴവില്ലിനേഴു നിറം .... (കാക്കപ്പൊന്ന് ) 
  "മധുരിക്കും ഓർമ്മകളേ ......
(ജനനീ ജന്മഭൂമി )
 "അത്തിക്കായ്കൾ പഴുത്തല്ലോ .... ( അൾത്താര )
  "ചെപ്പു കിലുക്കണ ചങ്ങാതി ......( മുടിയനായ പുത്രൻ ) "വള്ളിക്കുടിലിൻ ഉള്ളിലിരിക്കും പുള്ളിക്കുയിലേ പാടൂ ........
  "മാരിവില്ലിൻ തേൻ മലരേ ........ (സർവ്വേക്കല്ല് ) 
 തുടങ്ങിയ പ്രശസ്ത നാടക ഗാനങ്ങളുമൊക്കെ മലയാള ഭാഷയുടെ സുകൃതങ്ങളാണെന്ന് നിസ്സംശയം തന്നെ പറയാം .... 

 🔴2016 ഫെബ്രുവരി 13 - നാണ്
ഓ എൻ വി കാലയവനികക്കുള്ളിൽ മറഞ്ഞത്.
ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം. 1931 മേയ് 27-ന് ജനിച്ച ഓ എൻ വി കുറുപ്പ് തീർച്ചയായും മലയാള ഭാഷയുടെ സൂര്യതേജസ്സ് തന്നെയാണെന്ന് അടിവരയിട്ട് പറയാവുന്നതാണ് ....!

പ്രണാമം.
 മീഡിയ 16 ന്യൂസ്