തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ സുരക്ഷ വർധിപ്പിക്കുന്നതിനായി മതിലിനോടു ചേർന്ന് പ്രത്യേക നടപ്പാത നിർമിക്കുന്നു. സുരക്ഷാ ഡ്യൂട്ടിയുടെ ഭാഗമായി പൊലീസുകാരെ വിന്യസിക്കാനും മുഴുവൻ സമയ പട്രോളിങ്ങിനും ഈ പാത ഉപയോഗിക്കും.സമരഗേറ്റ് (സൗത്ത് ഗേറ്റ്) മുതൽ ആസാദ് ഗേറ്റ്(നോർത്ത് ഗേറ്റ്) വരെ280 മീറ്റർ നീളത്തിലും 1.5 മീറ്റർ വീതിയിലുമാണ് നടപ്പാത നിർമിക്കുന്നത്. 6.9 ലക്ഷം രൂപ ചെലവിട്ടു നിർമിക്കുന്ന നടപ്പാതയുടെ നിർമാണം ഒരു മാസത്തിനകം പൂർത്തിയാകും. കേരള നിയമസഭ കോംപ്ലക്സിന്റെ എക്സിക്യൂട്ടീവ് എൻജിനീയർക്കാണ് നിർമാണച്ചുമതല. സമരം നടക്കുമ്പോൾ
പ്രതിഷേധക്കാർ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിക്കുന്നത് തടയാനും പൊലീസുകാർക്ക് പെട്ടെന്ന് സ്ഥലത്തെത്താനും പാത പ്രയോജനപ്പെടും. സുരക്ഷ വർധിപ്പിക്കാൻ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റ ആഭ്യന്തര വകുപ്പിനു നൽകിയ ശുപാർശയിൽ മതിലിനോടു ചേർന്നുള്ള പാത നിർമ്മാണവും ഉൾപ്പെട്ടിരുന്നു.
10.5 ഏക്കർ സ്ഥലമാണ് സെക്രട്ടേറിയറ്റിന്റെയും പരിസരത്തിന്റെയും ആകെ വിസ്തൃതി. 47 വകുപ്പുകളിലായി അയ്യായിരത്തോളം ഉദ്യോഗസ്ഥരും ഉണ്ട്. വളപ്പിനുള്ളിൽ സെക്രട്ടേറിയറ്റ് ഗാർഡുകളും പൊലീസും ഉൾപ്പെടെ 400 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.പാത നിർമാണത്തിനു ശേഷം സെക്രട്ടേറിയറ്റിന്റെ 4 ഗേറ്റിലും നിരീക്ഷണത്തിനായി വാച്ച് ടവറുകൾ സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. സുരക്ഷയുടെ ഭാഗമായി സെക്രട്ടേറിയറ്റിനു ചുറ്റുമുള്ള ഗ്രില്ലിന്റെ ഉയരം കൂട്ടണമെന്ന് ഇന്റലിജൻസ് ശുപാർശ ചെയ്തിരുന്നു. ഉയരം കൂട്ടിയാൽ ഭരണസിരാകേന്ദ്രത്തിന്റെ ഭംഗി നഷ്ടമാകുമെന്നാണ് പൊതുഭരണ വിഭാഗം സർക്കാരിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് പിന്നീടു തീരുമാനമെടുക്കും.