തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്ക തുക; ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിലേക്ക് കൊമ്പനെ എത്തിക്കുക 6.75 ലക്ഷം രൂപയ്ക്ക്

കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാന്‍ 6.75 ലക്ഷം രൂപയ്ക്കാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എത്തിക്കുന്നത്. പൂരത്തിന് പങ്കെടുക്കാന്‍ ഒരു ആനയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകയ്ക്ക് ഏക്കത്തിനെടുത്തത്. പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഇതുവരെ കേരളത്തില്‍ ആനകള്‍ക്ക് ഏക്കതുക ലഭിച്ചിട്ടുള്ളത്. തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും. സമൂഹമാധ്യമങ്ങളില്‍ നിരവധി ഫാന്‍സ് പേജുകളും ആനപ്രേമി കൂട്ടായ്മകളും ഈ കൊമ്പന്റെ പേരിലുണ്ട്.2019ല്‍ ഗുരുവായൂര്‍ ഗൃഹപ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞ് രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഈ കൊമ്പനെ എഴുന്നള്ളിക്കുന്നതിന് താത്ക്കാലികമായി വിലക്ക് വന്നിരുന്നു. വിലക്ക് നീങ്ങിയതിന് ശേഷമാണ് പൂരപ്പറമ്പുകളില്‍ വീണ്ടും ഇതേ കൊമ്പനെത്തുന്നത്.