മലപ്പുറം: കടം വീട്ടാന്‍ വഴിയില്ലാതെ സ്വന്തം വൃക്ക വില്‍പ്പനയ്ക്ക് വച്ച് 55കാരന്‍. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജിയാണ് വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് പരസ്യപ്പെടുത്തി പോസ്റ്ററൊട്ടിച്ചത്.
സജിയ്ക്ക് 11 ലക്ഷം രൂപയുടെ കടമാണുള്ളത്. അത് വീട്ടാനാണ് ഒ പോസിറ്റീവ് വൃക്ക വില്‍പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറും കാണിച്ച് സജി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
പെയിന്റിംഗ് തൊഴിലാളിയാണ് സജി. കഴിഞ്ഞ25 വര്‍ഷത്തിലേറെയായി വാടകയ്ക്ക് താമസിക്കുന്ന സജിയും കുടുംബവും ഒന്നര വര്‍ഷം മുന്‍പാണ് പത്ത് സെന്റ് സ്ഥലം വാങ്ങിയത്. അവിടെ ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് ഒരു വീട് കെട്ടിയാണ് താമസിക്കുന്നത്. കയ്യിലുള്ള പണവും കടം വാങ്ങിയ പണവും എല്ലാംകൂടി ഉപയോഗിച്ചാണ് സജി സ്ഥലം വാങ്ങിയത്.ഏറെ ആഗ്രഹിച്ച് നേടിയ സ്ഥലവും വീടും കടം കയറി നഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് വൃക്ക വില്‍ക്കുന്നതാണെന്നാണ് സജിക്ക് പറയാനുള്ളത്.
സജിയ്ക്ക് മൂന്ന് ആണ്‍കുട്ടികളാണുള്ളത്. മക്കളില്‍ രണ്ട് പേര്‍ ബികോം വരെ പഠിച്ചെങ്കിലും കാര്യമായ വരുമാനം ഇല്ല. 6000 രൂപ ശമ്പളത്തിനാണ് രണ്ടുപേരും ജോലി ചെയ്യുന്നത്. രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കു വേണ്ടി ലക്ഷങ്ങളാണ് ചെലവായതെന്ന് സജി പറഞ്ഞു. നോട്ട് നിരോധനവും അതിനു പിന്നാലെ വന്ന കൊവിഡും കാരണം ഒരു മാസത്തില്‍ അഞ്ച് ദിവസം പോലും ജോലി ഇല്ലെന്നാണ് സജി പറയുന്നത്. ഇതാണ് വൃക്ക വില്‍പ്പനയുടെ വഴി തേടാന്‍ കാരണം. എന്നാല്‍ സജിയുടെ ഈ തീരുമാനത്തോട് വീട്ടുകാര്‍ക്ക് എതിര്‍പ്പാണുള്ളത്.