ഇരുചക്രവാഹനത്തിൽ ഡ്രൈവറോടൊപ്പം യാത്ര ചെയ്യുന്ന കുട്ടികളും സുരക്ഷയ്ക്കായി ഹെൽമറ്റ് ധരിക്കുന്ന കാഴ്ച ഇപ്പോൾ സാധാരണമായിക്കഴിഞ്ഞു.
അതിനൊപ്പം കുട്ടികളുടെ സുരക്ഷയ്ക്ക് അനുകരണീയമായ മറ്റൊരു മാതൃക കൂടി ഈ ചിത്രത്തിലുണ്ട്. കുട്ടിയുടെ ശരീരം ഒരു സേഫ്റ്റി ബെൽറ്റിനാൽ (Safety Harness) ഡ്രൈവറുടെ ശരീരവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക , കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കാൻ ഇത് സഹായകമാണ്.
നിലവിൽ നിയമപ്രകാരം നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരിക്കണം. എന്നാൽ ആ നിയമം പരിഷ്കരിക്കപ്പെടുകയാണ്
ഇനി മുതൽ ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. ഒപ്പം ഈ കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിച്ചിരിക്കണം. നാലു വയസ്സ് വരെ പ്രായമായ കുട്ടികൾ ഇരുചക്രവാഹനത്തിൽ ഉണ്ടെങ്കിൽ വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിമി സ്പീഡിൽ കൂടാൻ പാടില്ല.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടു വന്ന ഈ ചട്ടം ഈ വർഷം ഫെബ്രുവരി 15 മുതൽ നടപ്പിലാകും. കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 (7) ആയി ഈ ചട്ടം ഉൾപ്പെടുത്തി.
നിയമം അനുശാസിക്കുന്നില്ലെങ്കിലും നാലുവയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കുട്ടിയുടെ വലിപ്പവും രീതിയുമനുസരിച്ച് സേഫ്റ്റി ഹാർനസ്സ് ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് അഭികാമ്യം ആയിരിക്കും.
ഇത്തരം സേഫ്റ്റി ഹാർനസ്സുകളും ക്രാഷ് ഹെൽമെറ്റുകളും ബൈസിക്കിൾ ഹെൽമെറ്റുകളും മാർക്കറ്റുകളിലും ഓൺലൈനായും ലഭ്യമാണ്.
#mvdkerala
#safetyharness
#crashhelmet
#childsafety