കടം 400 കോടിയോ 750 കോടിയോ?; 4 ഷോപ്പിങ് കോംപ്ലക്‌സുകള്‍ കൈവിട്ട് കെഎസ്ആര്‍ടിസി

തിരുവനന്തപുരം• സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കെഎസ്ആർടിസിയുടെ 4 ഷോപ്പിങ് കോംപ്ലക്സുകൾ കേരള ട്രാന്‍സ്‌പോർട്ട് ഡെവലെപ്മെന്റ് ഫിനാൻസ് കോർപറേഷന് (കെടിഡിഎഫ്‌സി) കൈമാറാൻ ചർച്ചകൾ തുടങ്ങി.തിരുവനന്തപുരം, തിരുവല്ല, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ്ആർടിസിയുടെ സ്ഥലത്ത് കെടിഡിഎഫ്‌സി ബിഒടി വ്യവസ്ഥയിൽ ബസ് ടെർമിനൽ കോംപ്ലക്സുകൾ പണിതിട്ടുണ്ട്. കെഎസ്ആർടിസി പലപ്പോഴായി നടത്തിയ ഇടപാടുകളിൽ 750 കോടി രൂപ കൊടുക്കാനുണ്ടെന്നാണു സ്ഥാപനത്തിന്റെ അവകാശവാദം. 400 കോടിയേ കൊടുക്കാനുള്ളൂ എന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു. നൽകാനുള്ള തുകയ്ക്കു പകരമായി വിപണിവില നിശ്ചയിച്ച് കോംപ്ലക്സുകൾ കൈമാറാനാണ് ആലോചന. ഷോപ്പിങ് കോംപ്ലക്സുകൾ മാത്രമാണ് കൈമാറുക. ഡിപ്പോ മൊത്തത്തിൽ കൈമാറില്ല. തമ്പാനൂരിൽ 4.5 ഏക്കർ ഡിപ്പോയിൽ കെടിഡിഎഫ്‌സിയുടെ കെട്ടിടവും അതു സ്ഥിതിചെയ്യുന്ന 90 സെന്റുമായിരിക്കും കൈമാറുന്നത്.കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാർ കെടിഡിഎഫ്സി രൂപീകരിച്ചത്. എന്നാൽ, കെഎസ്ആർടിസിയെ കെടിഡിഎഫ്സി ഞെക്കിക്കൊന്നു എന്ന ആക്ഷേപമാണുള്ളത്. കെഎസ്ആർടിസിക്കു പലിശരഹിത സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ആരംഭിച്ച സ്ഥാപനം 11 മുതൽ 16 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്കിലാണ് ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ വായ്പ അനുവദിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോൾ സർക്കാർ മുൻകൈ എടുത്ത് പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് കെടിഡിഎഫ്സിയിൽനിന്നു വായ്പ എടുത്തതും കെടിഡിഎഫ്സിയിലൂടെ സഹകരണ ബാങ്കുകളിൽനിന്ന് എടുത്തിരുന്ന വായ്പയുടെ മിച്ചവും പുനഃക്രമീകരിക്കാൻ തീരുമാനിച്ചു.ആകെ 1100 കോടി രൂപ 9.2 എന്ന പലിശ നിരക്കിൽ 20 വർഷത്തെ ദീർഘകാല തിരിച്ചടവ് പ്രകാരം പുനഃക്രമീകരിച്ചു. ഈ തുക കെടിഡിഎഫ്സിയുടെ വിഹിതമാക്കി മാറ്റി കൺസോർഷ്യത്തിൽ പങ്കാളിയാക്കി. പുതുക്കിയ കൺസോർഷ്യം വായ്പയിൽ, കെടിഡിഎഫ്സിസിയുടെ വിഹിതത്തിൽ‌ 150 കോടി രൂപയിൽ താഴെയാണ് കെഎസ്ആർടിസി ഇനി നൽകാനുള്ളത്.കെഎസ്ആർടിസി മുൻകാലങ്ങളിൽ കെടിഡിഎഫ്സിയിൽനിന്നെടുത്ത വായ്പകളുടെ ആകെ തുക തിട്ടപ്പെടുത്തിയതിൽ പിഴവുണ്ടെന്നു സ്ഥാപനം തർക്കം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചകളിലാണ് ഷോപ്പിങ് കോംപ്ലക്സുകൾ കൈമാറാനുള്ള സന്നദ്ധ കെഎസ്ആർടിസി അറിയിച്ചത്. കെഡിടിഎഫ്സി കോഴിക്കോട് മാവൂർ റോഡിൽ പണിത ഷോപ്പിങ് കോംപ്ലക്സിൽ ഗുരുതരമായ ബലക്ഷയം കണ്ടെത്തിയിരുന്നു.