ആറ്റുകാൽ പൊങ്കാലയ്ക്കു വിപുലമായ ഒരുക്കങ്ങൾ; കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും, സുരക്ഷയ്ക്ക് 3300 പൊലീസ്

തിരുവനന്തപുരം• ആറ്റുകാൽ പൊങ്കാല ദിവസം കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും. ഉത്സവം ആരംഭിക്കുന്ന 27 മുതൽ മാർച്ച് 8 വരെ 10 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 30 ചെറു ബസുകൾ തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങളിൽ നിന്നു ക്ഷേത്രനട വരെ പ്രത്യേക സർവീസുകൾ നടത്തും. മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ അവലോകന യോഗത്തിൽ പ്രധാന ചുമതലകൾ വഹിക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒഴികെ മറ്റു വകുപ്പുകളെല്ലാം യോഗത്തിൽ പങ്കെടുത്തു. ദേവസ്വം സ്‌പെഷൽ സെക്രട്ടറി എം.ജി.രാജമാണിക്യം, ജില്ലാ കലക്ടർ ജെറോമിക് ജോർജ്, സബ് കലക്ടർ ഡോ.അശ്വതി ശ്രീനിവാസ്, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഗീതാ കുമാരി, പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി കെ.ശിശുപാലൻ തുടങ്ങിയവർ പങ്കെടുത്തു.
സുരക്ഷയ്ക്ക് 5 എസ്പിമാരുടെ നേതൃത്വത്തിൽ 800 വനിതകൾ ഉൾപ്പെടെ 3300 പൊലീസുകാരെയാണ് നിയോഗിക്കുന്നത്. 65 സ്ഥലങ്ങളിൽ പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. പൊങ്കാലയുടെ തലേദിവസം ഉച്ചമുതൽ പാസും ബാഡ്ജും അനുവദിച്ചിട്ടുള്ള പുരുഷൻമാർക്കു മാത്രമേ ക്ഷേത്ര പരിസരത്തേക്കു പ്രവേശനം അനുവദിക്കൂ.
പൊങ്കാലയ്ക്കു ശേഷം നഗരം ശുചിയാക്കാൻ നിയോഗിക്കുന്നത് 2400 പേരെ. 20 ശുചിമുറികളുള്ള 3 ബയോ ടോയ്‌ലറ്റ് ബ്ലോക്കുകൾ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കും. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റും രണ്ടു ഡസനോളം ശുചിമുറികൾ ക്ഷേത്ര മേഖലയിൽ സ്ഥാപിക്കും. . പൊങ്കാലയ്ക്കു അജൈവ മാലിന്യങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തൊട്ടാകെ പ്രചാരണം നടത്തും. 1770 താൽകാലിക കുടിവെള്ള പൈപ്പുകൾ വിവിധ ഭാഗങ്ങളിലായി സജ്ജമാക്കും. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്മാർട് സിറ്റി പദ്ധതിയിലെ റോഡുകളുടെ കാര്യത്തിൽ പൊങ്കാലയ്ക്കു മുൻപ് ഒന്നും ചെയ്യാനാവില്ലെന്നു നഗരസഭയും വ്യക്തമാക്കി.