സൗജന്യ സാരി വിതരണം അനിയന്ത്രിത തിരക്ക്; 4 സ്ത്രീകള്‍ മരിച്ചു, 12 പേര്‍ക്ക് പരുക്ക്

സൗജന്യ സാരിയ്‌ക്കായുള്ള തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾ മരിച്ചു . തിരുപ്പത്തൂർ വാണിയമ്പാടിയിലാണ് സംഭവം. 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്വകാര്യ കമ്പനിയാണ് സൗജന്യമായി സാരികളും, മുണ്ടുകളും നൽകുമെന്ന് പ്രഖ്യാപിച്ചത്. ഇതിനായി കമ്പനി പറഞ്ഞ സ്ഥലത്ത് ആളുകൾ കൂട്ടമായി എത്തിയിരുന്നു . ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയതോടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകൾ ബോധരഹിതരായി.തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പൊലീസ് അറിയിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.