തിരുവനന്തപുരം: ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിഴയീടാക്കിയത് 36 ലക്ഷം രൂപ. ഓപ്പറേഷൻ ഷവർമ്മയുടെ ഭാഗമായി 36,42500 രൂപ പിഴ ഈടാക്കിയെന്ന് സർക്കാർ നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 8224 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 2023 ജനുവരി ഒന്ന് മുതൽ 6689 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രി സഭയില്‍ വ്യക്തമാക്കി.പരിശോധനയില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായും 834 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടിയതോടെ സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. എഫ് എസ് എസ് എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയത്. സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കില്‍ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒഴിവാക്കുന്നതിന് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.