കുത്താൻ വന്ന പശുവിനെ കണ്ട് പേടിച്ചോടിയ അമ്മയും മകനും കിണറ്റില്‍ വീണു. മണിക്കൂറുകളുടെ ശ്രമഫലമായി നാട്ടുകാരും അഗ്‌നിരക്ഷാ സേനയും അമ്മയേയും കുഞ്ഞിനേയും പുറത്തെടുത്തു. അടൂർ പെരിങ്ങനാട് കടയ്ക്കല്‍ കിഴക്കതില്‍ വൈശാഖിന്റെ ഭാര്യ രേഷ്മയും(24), ഒരു വയസ്സുള്ള മകന്‍ വൈഷ്ണവുമാണ് കിണറ്റില്‍വീണത്. റബ്ബര്‍ തോട്ടത്തലൂടെ കുഞ്ഞിനെ ഒക്കത്തിരുത്തി പോകവെ തോട്ടത്തില്‍ മേയുകയായിരുന്ന പശു കുത്താന്‍ ഓടിച്ചു. പരിഭ്രമിച്ച് ഓടി അബദ്ധത്തില്‍ ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍തന്നെ കിണറ്റില്‍ ഇറങ്ങി കുഞ്ഞിനെ രക്ഷപെടുത്തി. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയുടെ സഹായത്താല്‍ മണിക്കൂറുകളുടെ ശ്രമഫലത്തില്‍ അമ്മയേയും പരുക്കുകള്‍ ഏല്‍ക്കാതെ പുറത്തെത്തിച്ചു. കിണറിന്റെ മുകള്‍ വശം ഉപയോഗശൂന്യമായ ഫ്‌ളക്‌സ് ഇട്ട് മറച്ചിരുന്നതിനാല്‍ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. 32 അടിയോളം താഴ്ച ഉള്ള കിണര്‍ ഉപയോഗ ശൂന്യമായ നിലയിലായിരുന്നു.