കൊച്ചി: ദുബായിലേക്ക് ഹവാല ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്‍റെ 305 കോടിയിലേറെ രൂപയുടെ സ്വത്ത് എൻഫോഴ്സ്മെൻ്റ് വകുപ്പ് കണ്ടുകെട്ടി. ഫെമ നിയമ പ്രകാരമാണ് നടപടി. കഴിഞ്ഞദിവസം നടന്ന റെയ്ഡുകൾക്ക് പിന്നാലെയാണ് നടപടിയെന്ന് ഇഡി വൃത്തങ്ങൾ വ്യക്തമാക്കി.
ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു. ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ സജീവ പങ്കാളിത്തം തെളിയിക്കുന്ന തെളിവുകൾ, ഔദ്യോഗിക രേഖകൾ, മെയിലുകൾ എന്നിവ പരിശോധനയ്ക്കിടെ ശേഖരിച്ചു. ഈ കള്ളപ്പണം പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജ്വല്ലറി എൽഎൽസി, ദുബായിൽ നിക്ഷേപിച്ചു. ഇത്തരത്തില്‍ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വര്‍ഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷൻ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.