മണ്ണും മണലും കടത്തുന്നതിന് കൈക്കൂലി; 3 മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് സസ്‌പെൻഷൻ

Lകോട്ടയം: ക്വാറികളിൽനിന്ന് അനധികൃതമായി മണ്ണും മണലും കടത്തുന്നതിന് ലോറി ഉടമകളിൽനിന്ന് ലക്ഷക്കണക്കിന് രൂപ മാസംതോറും കൈക്കൂലിയായി വാങ്ങിയ കേസിൽ കോട്ടയത്തെ മൂന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു. കോട്ടയം തെള്ളകത്തെ എൻഫോഴ്സ്മെന്റ് ആർ.ടി. ഓഫീസിലെ എം.വി.ഐ.മാരായ വി. ഷാജൻ, അജിത്ത് ശിവൻ, എം.ആർ. അനിൽ എന്നിവരെയാണ് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് സസ്പെൻഡ് ചെയ്തത്.
കിഴക്കൻമേഖല വിജിലൻസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാസില്ലാതെ പോകുന്നതിനും അമിതമായി ലോഡ് കയറ്റുന്നതിനും മാസപ്പടിയായി ഒരു ലോറിക്ക് 7,500 രൂപ വീതം ആറ് ലക്ഷം രൂപ സസ്പെൻഷനിലായ ഉദ്യോഗസ്ഥർ വാങ്ങിയതിന്റെ രേഖകൾ വിജിലൻസിന് ലഭിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ സർക്കാരിന് ലഭിക്കേണ്ട ജി.എസ്.ടി., റോയൽറ്റി ഇനത്തിൽ വൻ നഷ്ടം വരുത്തിയതായും വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതായി സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ലോറി ഉടമ കടപ്പൂര് വട്ടുകളം സ്വദേശി രാജീവിനെതിരേ കോട്ടയം വിജിലൻസ് കേസ് രജിസ്റ്റർചെയ്തു.
പാസില്ലാതെ ടോറസ് ലോറികളിൽ മണ്ണും മണലും കടത്തുന്നുവെന്ന പരാതിയിൽ ഓപ്പറേഷൻ ഓവർലോഡ് എന്നപേരിൽ എം.സി. റോഡിൽ ഏറ്റുമാനൂരിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച തെളിവുകൾ ലഭിച്ചത്. ഗൂഗിൾ പേ വഴിയാണ് മൂവരും കൈക്കൂലിപണം വാങ്ങിയിരുന്നത്.
ഷാജൻ അച്ഛന്റെ തിരുവനന്തപുരത്തെ ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് ലക്ഷവും അജിത്ത് ശിവൻ സ്വന്തം അക്കൗണ്ടിലൂടെ രണ്ടരലക്ഷവും, അനിൽ ബിനാമി അക്കൗണ്ടിലൂടെ 53,000 രൂപയും കൈപ്പറ്റിയതിന്റെ തെളിവുകളാണ് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്.
ഉദ്യോഗസ്ഥരുടെ വീടിന്റെ വാടകയും ഇടനിലക്കാരൻ രാജീവാണ് നൽകിയിരുന്നത്. എം.സി. റോഡ് എന്ന വാട്സാപ്പ് ഗ്രൂപ്പുവഴിയാണ് ലോറി ഉടമകളും ഉദ്യോഗസ്ഥരുമായുള്ള ഇടപാടുകൾ നടത്തിയിരുന്നത്. പരിശോധനയിൽ പിടിക്കാതിരിക്കാൻ ലോറി നമ്പരുകൾ ഉദ്യോഗസ്ഥർക്ക് ഈ വാട്സാപ് ഗ്രൂപ്പിലൂടെ നൽകും. ലിസ്റ്റിൽപെട്ട ലോറികളെത്തിയാൽ പിടിക്കാതിരിക്കുകയോ, പിടിച്ചശേഷം നടപടിയെടുക്കാതെ പറഞ്ഞുവിടുകയോ ആണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്.
മാസം അരലക്ഷം രൂപവരെ കൈക്കൂലി നൽകുന്ന ഉടമകളുമുണ്ടെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു. മൂന്ന് ലക്ഷത്തിലേറെ രൂപ ഒരുമാസം ലോറി ഉടമകളിൽനിന്ന് മാത്രം കൈക്കൂലിയായി വാങ്ങുന്ന ഉദ്യോഗസ്ഥരുണ്ടെന്നും വിജിലൻസ് നൽകിയ റിപ്പോർട്ടിലുണ്ടായിരുന്നു.