കൊച്ചി • എറണാകുളം മരടിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി. ദുർഗന്ധം വമിക്കുന്ന നിലയിൽ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളിൽ പെട്ട മത്സ്യമാണ് അഴുകിയ നിലയിൽ പിടിച്ചെടുത്തിരിക്കുന്നത്.ഫ്രീസർ സംവിധാനം ഇല്ലാത്ത കണ്ടെയ്നർ വാഹനത്തിൽ ആന്ധ്രാ പ്രദേശിൽ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവ. ഒരു കണ്ടെയ്നറിലെ മത്സ്യം പൂർണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്നറിൽ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലർത്തി ബോക്സുകളിൽ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രാദേശിക വിപണിയിൽ വിൽപനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.