കഴക്കൂട്ടം ബൈപ്പാസ് റോഡ് അപകടങ്ങളുടെ മുൻനിരയായി മാറുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ. അപകടങ്ങൾ തുടർക്കഥയായിട്ടും ഇത് തടയാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നില്ല.വളവില്ലാത്ത നീളമുള്ള റോഡിൽ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ റോഡ് മുറിച്ചുകടക്കുന്നതും പലപ്പോഴും ഇവിടെ ജീവഹാനിക്ക് കാരണമാകുന്നു. ഇന്നലെ ഇൻഫോസിസിന് മുന്നിൽ കാർ അമിതവേഗതയിൽ വന്ന് സിഗ്നൽ തെറ്റിച്ച് ഐടി ജീവനക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.യുഎസ്ടി ഗ്ലോബൽ ഐടി ജീവനക്കാരിയായ ആറ്റിങ്ങൽ സ്വദേശിനി അക്ഷര സത്യദാസിനെ (27) അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ വൈകിട്ട് 4.30നായിരുന്നു അപകടം. യുഎസ്ടി ഗ്ലോബലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ചാക്കയിൽ നിന്ന് വന്ന മാരുതി വാഗണർ കാർ യുവതിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി ഉയർന്ന് കാറിന്റെ ഗ്ലാസിൽ തട്ടി റോഡിൽ വീണു.അപകടശേഷം നിർത്താതെ പോയ കാർ ഓടിച്ചിട്ട് നാട്ടുകാർ പിടികൂടി. വ്യാഴാഴ്ച ആറ്റിൻകുഴിയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന കൊല്ലം സ്വദേശി അരുൺ എന്ന യുവാവിനെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചിരുന്നു.ഇതുവഴി വന്ന സ്വകാര്യ ആംബുലൻസിൽ നാട്ടുകാർ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കഴിഞ്ഞ രണ്ടുവർഷമായി ബൈപാസിൽ മത്സര ഓട്ടമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി പറയുമ്പോഴും ഇത് ഇവിടെ സ്ഥിരം സംഭവമാണെന്ന് നാട്ടുകാർ പറയുന്നു.