ഷമിയും അശ്വിനും ജഡേജയും ചേര്‍ന്ന് എറിഞ്ഞിട്ടു; ഓസ്ട്രേലിയ 263ന് പുറത്ത്

ദില്ലി: ഇന്ത്യക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 263ന് പുറത്ത്. ടോസ് നേടി ക്രീസിലിറങ്ങിയ ഓസ്ട്രേലിയ നല്ല തുടക്കത്തിനുശേഷം തകരുകയയായിരുന്നു. 81 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും 72 റണ്‍സുമായി പുറത്താകാതെ നിന്ന പീറ്റര്‍ ഹാന്‍ഡ്സ്കോംബും മാത്രമെ ഓസീസ് നിരയില്‍ പൊരുതിയുള്ളു. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും അശ്വിന്‍ ജഡേജ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി.ടോസിലെ ഭാഗ്യം ബാറ്റിംഗിലും തുടക്കത്തില്‍ ഓസീസിനെ തുണച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഖവാജയും വാര്‍ണറും ഓസ്ട്രേലിയക്ക് പ്രതീക്ഷ നല്‍കി. പതിവുപോലെ ഷമിക്കും അശ്വിനും മുന്നില്‍ വാര്‍ണര്‍ പതറിയെങ്കിലും ഖവാജ ഉറച്ചു നിന്നു ആദ്യ റണ്ണെടുക്കാന്‍ നേരിട്ടത് 21 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഒടുവില്‍ ടീം സ്കോര്‍ 50ല്‍ എത്തിയതിന് പിന്നാലെ ഷമിയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്‍റെ കൈകളിലൊതുങ്ങി.44 പന്തില്‍ 15 റണ്‍സായിരുന്നു വാര്‍ണറുടെ സംഭാവന.വണ്‍ ഡൗണായി എത്തിയ മാര്‍നസ് ലാബുഷെയ്ന്‍ ആത്മവിശ്വാസത്തോടെയാണ് തുടങ്ങിത്. അശ്വിനും ഷമിക്കും ജഡേജക്കുമെരെ തകര്‍പ്പന്‍ ഷോട്ടുകളുമായി ഖവാജയും ലാബുഷെയ്നും കളം നിറഞ്ഞതോടെ ഓസീസ് 91-1 എന്ന മികച്ച നിലയിലെത്തി. എന്നാല്‍ ലഞ്ചിന് തൊട്ടു മുമ്പ് ലാബുഷെയ്നിനെ(18) വിക്കറ്റിന് മുന്നില്‍ കുടുക്കിയ അശ്വിന്‍ അതേ ഓവറില്‍ സ്റ്റീവ് സ്മിത്തിനെ(0) വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്‍റെ കൈകളിലെത്തിച്ച് ഓസീസിനെ ഞെട്ടിച്ചു.ലഞ്ചിന് പിരിയുപമ്പോള്‍ 95-3 എന്ന സ്കോറില്‍ പതറിയ ഓസീസിന് പിന്നീട് പൊകുതി നിന്ന ഉസ്മാന്‍ ഖവാജയുടെയും(81), ട്രാവിസ് ഹെഡ്ഡിന്‍റെയും(12), അലക്സ് ക്യാരിയുടെയും(0) വിക്കറ്റുകള്‍ നഷ്ടമാവുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 168 റണ്‍സെ ഉണ്ടായിരുന്നുള്ളു. പൊരുതി നിന്ന് ഓസീസിന് പ്രതീക്ഷ നല്‍കിയ ഖവാജയെ രാഹുല്‍ പറന്നു പിടിക്കുകയായിരുന്നു. ഖവാജയെയും അലക്സ് ക്യാരിയെയയും അടുത്തടുത്ത് നഷ്ടമായതോടെ ഓസ്ട്രേലിയ എളുപ്പം തകരുമെന്ന് കരുതിയെങ്കിലും കമിന്‍സും ഹാന്‍ഡ്സ്കോംബും പ്രതിരോധിച്ചു നിന്നു. ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് വേര്‍പിരിഞ്ഞത്. 33 റണ്‍സെടുത്ത കമിന്‍സിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. അതേ ഓവറില്‍ ടോഡ് മര്‍ഫിയെ ബൗള്‍ഡാക്കി ജഡേജ തകര്‍ച്ചക്ക് വേഗം കൂട്ടി.നേഥന്‍ ലിയോണിനെ(10) കൂട്ടുപിടിച്ച് ഹാന്‍ഡ്‌സ്കോംബ് ഓസീസിനെ 250 കടത്തി. എന്നാല്‍ ലിയോണിനെയും(10) അവസാന ബാറ്ററായ കുനെമാന്നെയും(6) ബൗള്‍ഡാക്കി ഷമി ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടു.