തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം, ശേഷം ഒളിവിൽ; ഒടുവിൽ 25 കാരന് പിടിവീണു

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിറുത്തി ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വിളപ്പിൽശാല മലപ്പനംകോട് വച്ച് സ്ക്കൂട്ടർ യാത്രക്കാരിയായ ചെറിയകൊണ്ണി സ്വദേശിനി യുവതിയെ തടഞ്ഞ് നിറുത്തി മാറിടത്തിൽ പിടിച്ച് അപമാനിച്ച കേസിലെ പ്രതി അമ്പൂരി തേക്കുപാറ കൂട്ടപ്പു ശൂരവക്കാണിക്കുഴിവിള വീട്ടിൽ ഷിന്‍റോ (25) നേയാണ് വിളപ്പിൽശാല പൊലീസ് പിടികൂടിയത്.ജനുവരി 5-ാം തീയതി രാത്രി 7.15 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചെറിയകൊണ്ണി സ്വദേശിനിയായ യുവതി കാട്ടാക്കട കട്ടയ്ക്കോട് ഭാഗത്ത് നിന്നും വിളപ്പിൽശാല ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്നു. മലപ്പനംകോട് ഇറക്കം ഇറങ്ങി വരുന്ന സമയം ഷിന്‍റോ സ്കൂട്ടറിൽ വന്ന് തടഞ്ഞ് നിറുത്തി യുവതിയുടെ മാറിടത്തിൽ കടന്ന് പിടിച്ച് ലൈംഗീക ചുവയോടെ സംസാരിച്ച് അപമാനിക്കുകയായിരുന്നു എന്നാണ് പരാതി. ഈ സമയം മറ്റ് വാഹനങ്ങൾ വരുന്നത് കണ്ട് ഷിന്‍റോ അവിടെ നിന്നും കടന്നു. കൃത്യത്തിനായി ഷിന്‍റോ ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെപ്പറ്റി പൊലീസിന് സൂചന ലഭിക്കുന്നത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി ശില്പ ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി വൈ എസ് പി എസ് അനിൽകുമാറിന്‍റെ നേതൃത്വത്തിൽ വിളപ്പിൽശാല പൊലീസാണ് പ്രതിയെ പിടികൂടിയത്. വിളപ്പിൽശാല ഹൗസ് ഓഫീസറായ എൻ സുരേഷ് കുമാർ, എസ് ഐ ആശിഷ് ബൈജു, സി പി ഒ അജിൽ തുടങ്ങിയ പൊലീസ് സംഘം ആണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. ഇയാൾ സമാന രീതിയിലുള്ളള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരുന്നയാളാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.