ചേർത്തല: ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. പ്രസവം നിർത്തുന്നതിനുളള ശസ്ത്രക്രിയക്കായാണ് യുവതിയിൽ നിന്നും 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജ്ജനുമായ ഡോ. കെ. രാജനാണ് പിടിയിലായത്. പരാതിക്കാരിയിൽ നിന്നും പണം കൈപ്പറ്റുമ്പോൾ വിജിലൻസ് സംഘം നേരിട്ടു പിടികൂടുകയായിരുന്നു. സംഭവത്തെ പറ്റി വിജിലൻസ് പറയുന്നതിങ്ങനെ: പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയക്കായി കടക്കരപ്പളളി സ്വദേശിനിയായ പരാതിക്കാരി ഡോ. കെ രാജനെ ആശുപത്രി ഒ പിയിൽ നാലുതവണ കണ്ടിരുന്നു. എങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഡോക്ടർ സർജ്ജറി നീട്ടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച വീണ്ടും ഡോക്ടറുടെ ഒ പിയിൽ എത്തിയ പരാതിക്കാരിയോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രീയ നടത്തുന്നതിന് 2500 രൂപാ കൈക്കൂലി ആവശ്യപ്പെടുകയും ആറിന് വൈകിട്ട് 3.30ന് മതിലകത്തുള്ള ഡോക്ടറുടെ ഭാര്യവീടിനോടു ചേർന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രത്തിൽ തുക എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. പരാതിക്കാരി വിവരം കോട്ടയം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ കിഴക്കൻമേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസ് ജില്ലാ യൂണിറ്റ് ഡി വൈ എസ് പി, പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. അറസ്റ്റ് ചെയ്ത ഡോക്ടറെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. സംഘത്തിൽ ഇൻസ്പക്ടർ ജി സുനിൽകുമാർ, ആർ രാജേഷ് കുമാർ, എം കെ പ്രശാന്ത് കുമാർ, എസ് ഐ മാരായ സ്റ്റാൻലി തോമസ്, സത്യപ്രഭ, ഉദ്യോഗസ്ഥരായ ജയലാർ, കിഷോർകുമാർ, ജോസഫ്, ഷിജു, ശ്യാംകുമാർ, സാബു, ജോഷി, സനൽ, ബിജു, നീതു, രജനിരാജൻ, മായ, ജാൻസി എന്നിവരും ഉണ്ടായിരുന്നു.