സഹപാഠിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചുമാറ്റി; ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു; 22കാരന്‍ പൊലീസില്‍ കീഴടങ്ങി

കാമുകിയെ ഫോണ്‍വിളിച്ചതിനും മെസേജ് അയച്ചതിനും 22 കാരന്‍ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഹൃദയവും രഹസ്യഭാഗങ്ങളും മുറിച്ച് നീക്കുകയും ചെയ്തു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തെലങ്കാനയിലെ രംഗാറെഡ്ഡി ജില്ലയിലെ അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം. രംഗാറെഡ്ഡി മഹത്മാഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേനാവദ് നവീന്‍ (21) ആണ് കൊല്ലപ്പെട്ടത്. 

സര്‍വകലാശാലയിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിയായിരുന്നു അബ്ദുല്ലാപുര്‍മേട്ട് സ്വദേശിയായ ഹരിഹര കൃഷ്ണ. കൃഷ്ണയുടെ സഹപാഠിയായിരുന്നു നാഗര്‍കര്‍ണൂര്‍ സ്വദേശിയായ നേനാവദ് നവീന്‍. ഇരുവരും ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ത്രികോണ പ്രണയം സംബന്ധിച്ചു നവീനും കൃഷ്ണയും തമ്മില്‍ വഴക്കുണ്ടായിരുന്നു. നവീനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹരിഹര കൃഷ്ണയുമായി പ്രണയത്തിലായത്.

ബന്ധം വേര്‍പ്പെട്ടെങ്കിലും നവീന്‍ പെണ്‍കുട്ടിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവള്‍ക്ക് മെസേജ് അയക്കുകയും ഫോണ്‍വിളികള്‍ തുടരുകയും ചെയ്തിരുന്നു. ഇതില്‍ കൃഷ്ണ വല്ലാതെ അസ്വസ്ഥനായിരുന്നു. ഫെബ്രുവരി 17ന് അബ്ദുല്ലാപുര്‍മേട്ടിലെ ആളൊഴിഞ്ഞ സ്ഥലത്തേക്കു നവീനെ കൃഷ്ണ വിളിച്ചുവരുത്തി. ഇവിടെ വച്ചു കാമുകിയെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. വഴക്കിനൊടുവില്‍ നവീനെ, കൃഷ്ണ തലയ്ക്കടിച്ചുകൊന്നു. മൃതദേഹങ്ങള്‍ പലഭാഗങ്ങളായി മുറിച്ച ശേഷം പ്രദേശത്തെ കൊക്കയില്‍ ഉപേക്ഷിച്ചു. 

നവീനെ കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയതോടെ പൊലീസ് അന്വേഷണം തുടങ്ങി.ത്രികോണ പ്രണയവും സഹപാഠികള്‍ തമ്മിലുള്ള വഴക്കിനെ പറ്റിയും വിവരം കിട്ടിയ പൊലീസ് കൃഷ്ണയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പലഭാഗങ്ങളായി മുറിച്ചുവെന്നും ആന്തരികാവയങ്ങളുടെയും രഹസ്യഭാഗങ്ങളുടെയും ചിത്രമെടുത്തു കാമുകിക്ക് അയച്ചുനല്‍കിയെന്നും ഹരിഹര കൃഷ്ണ മൊഴി നല്‍കി. പ്രണയം നഷ്ടപെടാതിരിക്കാനാണ് കൊലപാതകമെന്നാണ് പ്രതിയുടെ വിശദീകരണം. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്കു പങ്കുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.