മൂന്നിൽ നിന്ന് 21ലേക്ക്; ലോക കോടീശ്വര പട്ടികയിൽ മൂക്കുംകുത്തി വീണ് അദാനി

ഓഹരി മൂല്യത്തിൽ വൻ ഇടിവ് തുടരുന്നതിനു പിന്നാലെ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ആഗോള കോടീശ്വരപ്പട്ടികയിൽ മൂക്കുകുത്തി വീണു. ബ്ലൂംബർഗിന്റെ ആഗോള കോടീശ്വരപ്പട്ടികയിൽ നേരത്തെ മൂന്നാമതായിരുന്ന അദാനി ഇപ്പോൾ 21ാം സ്ഥാനത്താണ്. ഓരോ ദിവസം പിന്നിടുന്തോറും റാങ്ക് താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന അദാനിക്ക് ഹിൻഡൻബർഗിന്റെ ഓഹരി തട്ടിപ്പ് റിപ്പോർട്ടിന് പിന്നാലെയാണ് തിരിച്ചടി തുടങ്ങിയത്.ജനുവരി 31ന് ബ്ലൂംബർ​ഗിന്റെ ആഗോള ധനികരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്നും അദാനി പുറത്തായിരുന്നു. അതിനു മുമ്പ് പട്ടികയിൽ മൂന്നിൽ നിന്ന് നാലാം സ്ഥാനത്തേക്ക് വീണ അദാനി കഴിഞ്ഞദിവസം 11ലേക്കാണ് കൂപ്പുകുത്തിയത്. ഇതാണ് ഇപ്പോൾ 10 റാങ്ക് കൂടി താഴ്ന്ന് 21ലേക്ക് വീണിരിക്കുന്നത്. അതേസമയം, മുമ്പ് ഫോബ്‌സിന്റെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാമതെത്തിയിരുന്ന അദാനി ഇപ്പോൾ 17ാം സ്ഥാനത്താണ്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള മറ്റൊരു കോടീശ്വരനായ അംബാനി 12ാം സ്ഥാനത്തിലേക്ക് കയറി.തുടർച്ചയായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. ബ്ലൂംബർഗിന്റെ ആ​ഗോള കോടീശ്വര പട്ടികയിലും 12ാമതാണ് അംബാനിയുടെ സ്ഥാനം. 193 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ടാണ് പട്ടികയിൽ ഒന്നാമത്. 174 ബില്യൺ ഡോളറുമായി ട്വിറ്റർ ഉടമ ഇലോൺ മസ്ക് രണ്ടാമതെത്തിയപ്പോൾ മെറ്റ ഉടമ മാർക്ക് സക്കർബർ​ഗ് 13ാമതാണ്.ഫോബ്സ് പട്ടികയിലും ഫ്രഞ്ച് വ്യവസായി ബെർണാൾഡ് ആർണോൾട്ട് തന്നെയാണ് ഒന്നാമത്. ഈ പട്ടികയിലും മസ്ക് രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ സക്കർബർ​ഗ് 16ാം സ്ഥാനം കരസ്ഥമാക്കി അദാനിക്ക് തൊട്ടുമുമ്പിലെത്തി. മൂന്ന് ദിവസം മുമ്പ് 3400 കോടിയിലേറെ ഡോളറിന്റെ നഷ്ടമാണ് അദാനിക്കുണ്ടായത്. പത്ത് ദിവസത്തിനിടെ 11800 കോടി ഡോളറാണ് നഷ്ടം.